
ആലപ്പുഴ: പാറ,സിമന്റ് ഉൾപ്പെടെയുള്ള സാമഗ്രികളുടെ വില കുതിച്ചുയരുന്നതിനെത്തുടർന്ന് നിർമ്മാണ മേഖല അതീവ പ്രതിസന്ധയിലേക്ക് നീങ്ങുന്നു. കഴിഞ്ഞ നാല് മാസത്തിനിടെ 20മുതൽ 40 ശതമാനം വരെയാണ് വില വർദ്ധിച്ചത്.
നിലവിലെ സ്ഥിതി തുടർന്നാൽ നിർമ്മാണ മേഖല പൂർണമായി സ്തംഭിക്കുമെന്നു കരാറുകാർ പറയുന്നു. സിമന്റ് ചാക്കൊന്നിന് 60രൂപയും കമ്പിക്ക് കിലോഗ്രാമിന് 12രൂപയും ഒരുഅടി മെറ്റൽ, എം.സാന്റ്, പി.സാന്റ് എന്നിവയ്ക്ക് പത്ത് രൂപയുമാണ് വർദ്ധിച്ചത്. 180അടി കരിങ്കല്ലിന് 1,000രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ടൈൽ, പെയിന്റ്, പി.വി.സി പൈപ്പുകൾ ഉൾപ്പെടെയുള്ളവക്ക് 30മുതൽ 60ശതമാനം വരെ വില വർദ്ധിച്ചു. ലൈഫ് ഭവന പദ്ധതിയിൽ വീഴ് വയ്ക്കുന്നവരെയാണ് വിലവർദ്ധനവ് കൂടുതൽ ബാധിക്കുന്നത്.
410 സ്ക്വയർ ഫീറ്റ് വലിപ്പത്തിലുള്ള വീട് നിർമ്മിക്കുന്നതിന് കരാറുകാർ നേരത്തേ വാങ്ങിയിരുന്നത് 7.5ലക്ഷമായിരുന്നെങ്കിൽ ഇപ്പോൾ ഇത് 8.5ലക്ഷം രൂപവരെ ഉയർന്നു. ർക്കാരിന്റെ പല നിർമ്മാണ പ്രവർത്തനങ്ങളെയും വിലക്കയറ്റം പ്രതികൂലമായി ബാധിച്ചു .
തൊഴിലാളി ക്ഷാമവും
കൊവിഡിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ അന്യസംസ്ഥാന തൊഴിലാളികൾ മടങ്ങി വരാത്തതും നിർമ്മാണ മേഖലക്ക് തിരിച്ചടിയാണ്. കൊവിഡിന് മുമ്പ് മേസ്തരിക്ക് ദിവസക്കൂലി 900രൂപ ആയിരുന്നത് ഇപ്പോൾ ആയിരം രൂപയായി. ഹെൽപ്പറിന് 800രൂപയിൽ നിന്ന് 950രൂപയുമായി.
പാറയ്ക്കും മെറ്റലിനും ക്ഷാമം
പാറയുടെയും പാറ ഉത്പന്നങ്ങളുടെ ലഭ്യതക്കുറവുമുണ്ട്. പാരിസ്ഥിതിക അനുമതിയില്ലാത്തതിനാൽ ക്വാറികൾ പ്രവർത്തിക്കാത്തതാണ് കാരണം. ഒരു ലോഡ് പാറയ്ക്ക്(വാഹനങ്ങളുടെ വലിപ്പം അനുസരിച്ച്) 5000 രൂപയായിരുന്നത് 8000 രൂപ ആയി വർദ്ധിച്ചു. ഒരു ക്യുബിക് അടി പാറയ്ക്ക് പതിമൂന്ന് രൂപയിൽ നിന്ന് ഇരുപത്തിയഞ്ച് വരെ ഉയർന്നു.
കരാറുകാർ സമരത്തിൽ
നിർമ്മണ സാധനങ്ങളുടെ വില വർദ്ധനവ് മൂലം വാട്ടർ അതോറിട്ടിയുടെ കരാറുകാർ സമരത്തിലാണ്. പൊതുമരാമത്ത് കെട്ടിട നിർമ്മാണ കരാറുകാർ നാളെ ഏകദിന പ്രതിഷേധ സമരം നടത്തും. നിലവിലെ സാഹചര്യത്തിൽ മാർച്ചിൽ തീർക്കേണ്ട നിർമ്മാണ ജോലികൾ പൂർത്തികരിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
നിലവിലെ വില ഒരു അടിക്ക് ( രൂപയിൽ)
ഒരു ലോഡ് പാറയുടെ വില (180 അടിക്ക്): 8000
പാറപ്പൊടി (ക്യുബിക്ക് അടി) : 65
എം സാൻഡ്: 74
പി സാൻഡ്: 70
മെറ്റൽ: 65
ചരൽ: 100
ചുടുകട്ട (ഒന്നിന്): 11
ഹോളോബ്രിക്സ് (ഒന്നിന്): 37
ആണിമുതൽ പി.വി.സി പൈപ്പ് വരെയുള്ള സാധനങ്ങളുടെ വില കഴിഞ്ഞ നാല് മാസത്തിനുള്ളിൽ 20മുതൽ 40ശതമാനം വരെ വർദ്ധിച്ചത് നിർമ്മാണ മേഖലയെ തളർത്തി.
രഘു, വീട് നിർമ്മാണ കരാറുകാരൻ
"കരാർ ഉറപ്പിക്കൽ സമയത്തെ സാധന വിലയേക്കാൾ വർദ്ധനവ് ഉണ്ടായ സാഹചര്യത്തിൽ വർദ്ധിച്ച തുക നൽകി കരാറുകാരെ സർക്കാർ നിലനിർത്തണം. വൻകിട കരാറുകാർക്ക് നൽകുന്ന വിലവ്യതിയാന വ്യവസ്ഥ ചെറുകിട കരാറുകാർക്കും നൽകണം.
വർഗീസ് കണ്ണമ്പള്ളി, സംസ്ഥാന പ്രസിഡന്റ്, ഓൾ കേരള ഗവൺമെന്റ കോൺട്രാക്ടേഴ്സ് അസോസിയേഷൻ