
സ്കൂൾ ഓൺലൈൻ ഗ്രൂപ്പുകളിൽ ഫീസ് കുടിശികയുടെ പേരിൽ വിവേചനം
ആലപ്പുഴ: അദ്ധ്യയന വർഷം പൂർത്തിയാവാൻ ഒരുമാസം മാത്രം ബാക്കി നിൽക്കേ, ഫീസ് കുടിശികയുള്ള വിദ്യാർത്ഥികൾക്ക് ചില സ്കൂൾ അധികൃതർ പഠനം നിഷേധിക്കുന്നതായി പരാതി. ആലപ്പുഴ നഗരത്തിലെ, വർഷങ്ങൾ പാരമ്പര്യമുള്ള എയ്ഡഡ് സ്കൂളിനോട് ചേർന്ന് ഏതാനും വർഷം മുമ്പ് ആരംഭിച്ച അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഒന്ന് മുതൽ നാല് വരെയുള്ള കുട്ടികളോട് വിവേചനം കാണിക്കുന്നത് വിവാദമായി.
ഓൺലൈൻ പാഠഭാഗങ്ങൾ വാട്സാപ്പ് ഗ്രൂപ്പിലേക്ക് അദ്ധ്യാപകർ അയയ്ക്കുന്നതായിരുന്നു പതിവ്. ഫീസ് കുടിശികയുള്ളവർക്ക് നോട്ടീസ് അയച്ചതിന് പിന്നാലെ ഗ്രൂപ്പിൽ നോക്കുകുത്തികളാക്കി! ഫീസ് അടച്ച കുട്ടികളുടെ വാട്സാപ്പ് നമ്പരുകളിലേക്ക് മാത്രമാണ് പാഠങ്ങൾ അദ്ധ്യാപകർ അയച്ചുനൽകുന്നത്. ഇതോടെ വാർഷിക പരീക്ഷയ്ക്കുള്ള കുട്ടികളുടെ തയ്യാറെടുപ്പ് അവതാളത്തിലായെന്ന് രക്ഷിതാക്കൾ പരാതിപ്പെടുന്നു. കൊവിഡ് പശ്ചാത്തലത്തിൽ, ഫീസ് അടയ്ക്കാത്ത കുട്ടികളെ ക്ലാസിൽ നിന്ന് പുറത്താക്കരുതെന്ന് കഴിഞ്ഞ സെപ്തംബറിൽ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ പല സ്കൂളുകളും നിലപാടിൽ അയവ് വരുത്തി കുട്ടികളെ ഓൺലൈൻ ഗ്രൂപ്പുകളിലേക്ക് തിരിച്ചെടുത്തിരുന്നു. എന്നാൽ വിദ്യാർത്ഥികളെ ഗ്രൂപ്പിൽ നിലനിറുത്തിക്കൊണ്ടുതന്നെ അവർക്ക് പാഠങ്ങൾ ലഭ്യമാക്കാത്ത വിചിത്ര നീക്കമാണ് പ്രശസ്ത സ്കൂൾ ഇപ്പോൾ നടത്തുന്നത്.
അദ്ധ്യാപകർ കുടുക്കിൽ
ക്ലാസുകൾ ഓൺലൈനിലേക്ക് മാറിയതോടെ ഫീസ് ലഭിക്കാൻ വൈകുന്നതിനാൽ വെട്ടിലായത് അൺ എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകരാണ്. ഫീസ് കുടിശിക പിരിച്ചെടുത്ത് ശമ്പളത്തിൽ വരവ് വയ്ക്കാനാണ് പല മാനേജ്മെന്റുകളും അദ്ധ്യാപകർക്ക് നൽകിയിരിക്കുന്ന നിർദേശം. മിക്ക സ്കൂളുകളിലും അദ്ധ്യാപകരുടെ ശമ്പളം ഓൺലൈൻ ക്ലാസിന്റെ പേരിൽ വെട്ടിക്കുറച്ചിട്ടുമുണ്ട്.
കൊവിഡ് മൂലം വരുമാനത്തിൽ ഇടിവുണ്ടായതോടെയാണ് ഫീസ് കുടിശികയായത്. അദ്ധ്യയന വർഷം പൂർത്തിയാകും മുമ്പ് തന്നെ ഫീസ് പൂർണമായി അടച്ച് തീർക്കും. സാഹചര്യം വ്യക്തമായി അറിയുന്ന അദ്ധ്യാപകരും സ്കൂൾ മാനേജ്മെന്റും പഠനം നിഷേധിച്ചുകൊണ്ട് കുട്ടികളോട് കാണിക്കുന്ന വിവേചനം ദുഃഖകരമാണ്
രക്ഷിതാവ്