ആലപ്പുഴ: വീടുകളിൽ നിന്നുള്ള മാലിന്യ ശേഖരണം ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ പുനരാരംഭിച്ചു. കൊവിഡിനെ തുടർന്നാണ് മുടക്കമുണ്ടായത്.
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പത്ത് മുതൽ 40 വരെ അംഗങ്ങളുള്ള സംരംഭമാണ് ഹരിതകർമ്മ സേന. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനം നിശ്ചയിക്കുന്ന യൂസർഫീ അനുസരിച്ചു വൃത്തിയാക്കിയ അജൈവ മാലിന്യങ്ങൾ ശേഖരിച്ചു എം.സി.എഫിൽ (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) എത്തിക്കുകയാണ് പ്രധാന ജോലി. ഒരു വീട്ടിൽ നിന്ന് 30 മുതൽ 40 രൂപയാണ് ഈടാക്കുന്നത്. പരമാവധി 60 രൂപ വരെ ഈടാക്കാം. മാസത്തിൽ ഒന്നോ രണ്ടോ തവണ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കും. ഇതിനുള്ള സംവിധാനങ്ങൾ ഒരുക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. കൃത്യമായ ഇടവേളകളിൽ വീടുകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് പരിസ്ഥിതി സൗഹൃദ രീതിയിൽ സംസ്‌കരിക്കുകയാണ് ഹരിതകർമ സേനയുടെ ചുമതല.
വീടുകളിൽ നിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യം മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയിൽ എത്തിക്കും. ഇവിടെ തരംതിരിച്ച് റിസോഴ്‌സ് റിക്കവറി ഫെസിലിറ്റിയിലേക്ക് അയയ്ക്കും. തുടർന്ന് തരംതിരിച്ച മാലിന്യം പുനരുപയോഗം ചെയ്യാനുള്ള സംയോജനങ്ങൾ സാദ്ധ്യമാക്കും. ഇതാണ് ഹരിതകർമ്മ സേനയുടെ പ്രവർത്തനരീതി. കൊവിഡ് കാലത്ത് ജില്ലയിൽ നിന്ന് 450 ടൺ അജൈവ മാലിന്യമാണ് ക്ലീൻ കേരള കമ്പനിക്ക് കൈമാറിയത്. കഴിഞ്ഞ മാസം 36 പഞ്ചായത്തുകളിൽ നിന്നും 2 നഗരസഭകളിൽ നിന്നും മാലിന്യം കൈമാറിയിരുന്നു. റിസോഴ്‌സ് റിക്കവറി ഫെസിലിറ്റിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊടിച്ച് റോഡ് ടാറിംഗിനുപയോഗിക്കുന്നത് വഴി പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗം ചെയ്യാനും പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും ഹരിതകർമ്മ സേനയുടെ പ്രവർത്തനത്തിലൂടെ സാധിക്കുന്നുണ്ട്.
ഇ- മാലിന്യവും
സർക്കാർ ഓഫീസുകളിൽ നിന്ന് ഇ-മാലിന്യം ഹരിത കർമ്മസേന ശേഖരിച്ച് ക്ലീൻകേരളയ്ക്ക് കൈമാറുന്നുണ്ട്. കിലോയ്ക്ക് 10 രൂപയാണ് ഈടാക്കുന്നത്. ഇത് പഞ്ചായത്ത് തലത്തിൽ നടപ്പാക്കാൻ ഒരുങ്ങുകയാണ്. ഇതിന് നെടുമുടി പഞ്ചായത്ത് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ വീടുകളിൽ നിന്ന് ഇ-മാലിന്യം ശേഖരിച്ച് കളക്ഷൻ പോയിന്റിൽ എത്തിക്കണം. സ്പെഷ്യൽ ഡ്രൈവായാണ് പദ്ധതി നടപ്പാക്കുന്നത്.
വൃത്തിയാക്കണം
പാൽ, പൊടി കവർ വൃത്തിയാക്കി നൽകണമെന്നാണ് ഹരിത കർമ്മസേനയുടെ നിർദേശം. അല്ലെങ്കിൽ ബാക്ടീരിയ കയറി വൃത്തിഹീനമാകും. പാൽകവർ കഴുകി ഉണക്കി വയ്ക്കണം. ഒരാഴ്ചയിൽ കൂടുതൽ ഇരുന്നാൽ ദുർഗന്ധം വമിക്കും.
.....................
ഹരിത കർമ്മ സേന അജൈവ മാലിന്യം വീടുകളിൽ നിന്ന് ശേഖരിച്ച് തുടങ്ങി. കഴിഞ്ഞ മാസം അജൈവ മാലിന്യം ക്ലീൻ കേരളയ്ക്ക് കൈമാറിയുന്നു. എന്നാൽ പല പഞ്ചായത്തുകളിലും നഗരസഭകളിലും ശേഖരണം നടന്നില്ല. ഇ-മാലിന്യം സർക്കാർ ഓഫീസിനു പുറമേ പഞ്ചായത്തുകളിൽ നിന്നും ശേഖരിക്കാനുള്ള പരിശ്രമത്തിലാണ്
(രാജേഷ്, ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ)