ആലപ്പുഴ: ബൈപ്പാസിലെ മേൽപ്പാലത്തിൽ (എലിവേറ്റഡ് ഹൈവേ) വാഹനം നിറുത്തി സെൽഫി എടുക്കാൻ ശ്രമിച്ച 18 പേർക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ കേസ്. ഇവരിൽ നിന്ന് 4,500 രൂപ പിഴ ഇടാക്കി.
മേൽപ്പാലത്തിൽ കുരുക്കുണ്ടാക്കുന്നവർ പിഴ അടയ്ക്കേണ്ടിവരുമെന്ന മുന്നറിയിപ്പ് ലംഘിച്ച് വാഹനം നിറുത്തി ഫോട്ടോ എടുക്കുന്നതിനിടെയാണ് കുടുങ്ങിയത്. വേഗത്തിന് കടിഞ്ഞാൺ ഇട്ടില്ലെങ്കിൽ ബൈപ്പാസ് ചോരക്കളമാകുമെന്ന് കഴിഞ്ഞ ദിവസം 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് നോർത്ത്, സൗത്ത് പൊലീസിന്റെയും ട്രാഫിക് പൊലീസിന്റെയും പ്രത്യേക സ്‌ക്വാഡുകളും മോട്ടോർ വാഹന വകുപ്പിന്റെ ടൗൺ സ്പെഷ്യൽ സ്‌ക്വാഡും പരിശോധന നടത്തിയത്.
മോട്ടോർ വാഹന വകുപ്പ് പ്രത്യേക സ്‌ക്വാഡിന്റെ പരിശോധനയും പാലത്തിൽ പൊലീസ് പട്രോളിംഗും ശക്തമാക്കി. കൂട്ടത്തോടെ അനധികൃതമായി പാർക്ക് ചെയ്ത ഭാഗത്ത് പരിശോധനാ സംഘം എത്തുമ്പോൾ ഒന്നോ രണ്ടോ വാഹനങ്ങളാണ് പിടിയിലാകുന്നത്. മറ്റുള്ളവർ രക്ഷപ്പെടും. വരും ദിവസങ്ങളിൽ പൊലീസിന്റെയും പരിശോധന ശക്തമാക്കും. പാലത്തിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുമെന്ന് ആർ.ടി.ഒ പി.ആർ.സുമേഷ് അറിയിച്ചു.