
കൊവിഡ് പ്രതിരോധം വൈറ്റമിൻ വില്പന കൂട്ടി
ആലപ്പുഴ: കൊവിഡിനെ പ്രതിരോധിക്കാൻ കഴിഞ്ഞ വർഷം ഇന്ത്യക്കാർ കഴിച്ചത് 185 കോടിയുടെ വൈറ്റമിൻ സി സപ്ലിമെന്റുകൾ. ഓൾ ഇന്ത്യ ഓർഗനൈസേഷൻ ഒഫ് കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് (എ.ഐ.ഒ.സി.ഡി) നടത്തിയ പഠനത്തിലാണ് പ്രമേഹ മരുന്നുകളുടെ വില്പനയെ പിന്നിലാക്കി വൈറ്റമിൻ സപ്ലിമെന്റുകൾ കുതിച്ചു കയറുന്നുവെന്ന് വ്യക്തമായത്.
2019മായി താരതമ്യപ്പെടുത്തുമ്പോൾ വില്പനയിൽ നൂറ് ശതമാനം വർദ്ധനവാണുള്ളത്. പകർച്ചവ്യാധി മൂലം പൊതു സമൂഹത്തിൻെറ ശ്രദ്ധ സമഗ്ര ആരോഗ്യ സംരക്ഷണത്തിലേക്ക് മാറി. ഇതാണ് പ്രതിരോധശേഷി നിലനിറുത്താനും വർദ്ധിപ്പിക്കാനും വൈറ്റമിൻ സി സംയുക്ത മരുന്നുകളുടെ ഉപയോഗം കൂടാൻ കാരണമായത്. വൈറ്റമിൻ സി, ഡി 3, സിങ്ക് എന്നീ മിശ്രിതങ്ങളുടെ ഉപയോഗം ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) കൊവിഡ് പോസിറ്റീവ് രോഗികൾക്കു നിർദ്ദേശിച്ചത് ഇവയുടെ വില്പന കൂടാൻ കാരണമായെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
ഇന്ത്യയിൽ പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വ്യാപകമായി നിലനിൽക്കുന്നതിനാൽ ഈ സപ്ലിമെന്റുകളുടെ അധിക ഉപഭോഗം ദീർഘകാലാടിസ്ഥാനത്തിൽ ജനതയുടെ ആരോഗ്യത്തിന് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എ.ഐ.ഒ.സി.ഡിയുടെ പഠനപ്രകാരം കഴിഞ്ഞ വർഷം ഒക്ടോബറിലാണ് രാജ്യത്ത് ഏറ്റവുമധികം വിൽക്കപ്പെട്ടിരുന്ന പ്രമേഹ മരുന്നുകളെ പിന്തള്ളി സിങ്ക് സപ്ലിമെന്റായ സിങ്കോവിറ്റ് മുന്നേറിയത്. 93 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്.
 വൈറ്റമിൻ സി ഉപഭോഗം ഉയർന്ന പ്രതിരോധശേഷി നൽകുന്നു. കൊവിഡ് മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുന്നു
 ശരീരത്തിലെ സിങ്ക് കുറവ് കൊവിഡ് അണുബാധ തീവ്രമാക്കിയേക്കും
വൈറ്റമിൻ സി വില്പന
2019: 4.7 ശതമാനം
2020: 110 ശതമാനം
......................
സിങ്ക് സപ്ലിമെന്റ് വില്പന
2019: 28 കോടി
2020: 54 കോടി
.........................
വൈറ്റമിൻ സി, ഡി 3, സിങ്ക് സംയുക്ത മരുന്നുകളുടെ വില്പനയിൽ വൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഈ ചേരുവയുള്ള മരുന്നുകളെ വില നിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്തി വിപണന വില നിശ്ചയിക്കാൻ കേന്ദ്ര സർക്കാർ നാഷണൽ ഫാർമസൃൂട്ടിക്കൽ പ്രൈസിംഗ് അതോറിട്ടിക്ക് നിർദ്ദേശം നൽകണം. ഇല്ലെങ്കിൽ വലിയ കൊള്ളയ്ക്ക് ജനങ്ങൾ വിധേയമാകും
സി.സനൽകുമാർ, റീട്ടയിൽ ഔഷധഫോറം സംസ്ഥാന ചെയർമാൻ