1

ആവശ്യം ശക്തമാകുന്നു

ആലപ്പുഴ : കായലാൽ ചുറ്റപ്പെട്ട പ്രദേശങ്ങളിൽ അപകടങ്ങളുണ്ടായാൽ ഉടൻ രക്ഷാപ്രവർത്തനത്തിന് എത്തിച്ചേരാൻ കഴിയുന്ന വിധത്തിൽ, നെഹ്റു ട്രോഫി ഫിനിഷിംഗ് പോയിന്റിൽ സംസ്ഥാനത്തെ ആദ്യ "ജലരക്ഷാ നിലയം" സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശം അഗ്നി രക്ഷാ സേന ഇന്നലെ സർക്കാരിന് സമർപ്പിച്ചു.

ജലമാർഗത്തിലൂടെ മാത്രം എത്തിച്ചേരാൻ കഴിയുന്ന കുട്ടനാടൻ ജനവാസ മേഖലയിലും ഹൗസ് ബോട്ടുകളിലും വിവിധ അപകടങ്ങൾ ഉണ്ടാകാകുമ്പോൾ രക്ഷാപ്രവർത്തനത്തിന് എത്താൻ പാടുപെടുകയാണ് അഗ്നി രക്ഷാസേന ഇപ്പോൾ. കാലപ്പഴക്കത്താൽ ജീർണിച്ചതും വേഗത കുറഞ്ഞതുമായ രണ്ട് ചെറിയ ബോട്ടുകളാണ് രക്ഷാപ്രവർത്തനത്തിനായി നിലവിൽ സേനയുടെ പക്കലുള്ളത്.

പുതിയ ഉപകരണങ്ങളും വാഹനങ്ങളും വാങ്ങാതെ, കെട്ടിടം നിർമ്മിക്കാതെ, തസ്തികകൾ സൃഷ്ടിക്കാതെ സർക്കാരിന് സാമ്പത്തികമായി യാതൊരു വിധ ബാദ്ധ്യതകളും ഉണ്ടാകാതെ ജലരക്ഷാനിലയം സ്ഥാപിക്കാനുള്ള നിർദ്ദേശമാണ് സമർപ്പിച്ചിരിക്കുന്നത്.

സ്ഥലം ഇവിടുണ്ട്

പുന്നമട നെഹ്റു ട്രോഫി ഫിനിഷിംഗ് പോയിന്റിൽ ടൂറിസം വകുപ്പിന്റെ പ്രധാന കെട്ടിടത്തിൽ ജലരക്ഷാ നിലയത്തിന് അനുയോജ്യമായ 500 ചതുരശ്ര അടി വിസ്തീർണവും ടോയ്ലറ്റ് സൗകര്യവുമുള്ള ഒരു ഭാഗം താൽക്കാലികമായി വിട്ടു നൽകിയാൽ പുതിയ കെട്ടിടം നിർമ്മിക്കാതെ 'ജലരക്ഷാനിലയം' സ്ഥാപിക്കാം.

ആലപ്പുഴ അഗ്നിരക്ഷാ നിലയത്തിൽ ജലരക്ഷാ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചു വരുന്ന
സ്കൂബാ സെറ്റുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ജലരക്ഷാ നിലയത്തിലേയ്ക്ക് മാറ്റാൻ കഴിയും. ഒരു പോർട്ടബിൾ പമ്പും ഫ്ലോട്ട് പമ്പും സജ്ജമാക്കണം.

നടക്കാതെ പോയ പദ്ധതി

മുഖ്യമന്ത്രിയായിരിക്കെ നെഹ്റു ട്രോഫി ഫിനിഷിംഗ് പോയിൻ്റിൽ എത്തിയ ഉമ്മൻ ചാണ്ടി ഫ്ളോട്ടിംഗ്‌ ഫയർസ്റ്റേഷൻ സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുകയും തുടർപ്രവർത്തന ഭാഗമായി ഇടക്കൊച്ചിയിലെ 'സമുദ്ര' ബോട്ട് നിർമ്മാണ ശാലയിൽ രണ്ട് ഫയർ ബോട്ടുകളുടെ നിർമ്മാണം നടത്തുകയും ചെയ്തു. സാങ്കേതിക തടസങ്ങൾ മൂലം പദ്ധതി മുന്നോട്ട് പോയില്ല. ഫ്ളോട്ടിംഗ്‌ ഫയർ സ്റ്റേഷൻ എന്ന നിലയിൽ പ്രവർത്തിക്കുന്നതിലും കാര്യക്ഷമവും പ്രായോഗികവുമായ രീതി 'ജലരക്ഷാ നിലയം' എന്ന കേന്ദ്രീകൃത സംവിധാനമാണ്. നിലയം കേന്ദ്രീകരിച്ചാണ് ഫയർ ബോട്ടുകൾ, സ്പീഡ് ബോട്ടുകൾ, ഫയർ ഡിങ്കികൾ, സ്കൂബ വാൻ എന്നിവ പ്രവർത്തിക്കേണ്ടത്.

പോള നിറഞ്ഞ കനാൽ

ആലപ്പുഴ നഗരസഭ ഉൾപ്പെടെ 16 പഞ്ചായത്തുകളിൽ രക്ഷാപ്രവർത്തനത്തിന് എത്തിച്ചേരേണ്ട ആലപ്പുഴ അഗ്നിരക്ഷാ നിലയത്തിലെ വാഹനങ്ങളും ഉപകരണങ്ങളും രക്ഷാപ്രവർത്തകരും മാത്രമാണ് നിലവിൽ കുട്ടനാടൻ മേഖലയ്ക്കും കായൽ ടൂറിസത്തിനും ഏക ആശ്രയം. ആഴം കുറഞ്ഞ ചെറിയ ഒരു കനാൽ മാത്രമാണ് അഗ്നി രക്ഷാ നിലയത്തിൽ നിന്നും പുറത്തേക്കിറങ്ങാനുള്ള ഏക വഴി. എപ്പോഴും പോള നിറഞ്ഞ് കിടക്കുന്ന ഇവിടുത്തെ തടസങ്ങൾ മറികടന്ന് അപകട സ്ഥലത്ത് എത്തുമ്പോഴേക്കും ജനങ്ങളുടെ ജീവനും സ്വത്തും നഷ്ടപ്പെട്ടിട്ടുണ്ടാകും.

നിരവധി ഒറ്റപ്പെട്ട തുരത്തുകളും ചെറു ദ്വീപുകളും ഉൾപ്പെട്ട കുട്ടനാടൻ പ്രദേശങ്ങൾ എല്ലാ മഴക്കാലത്തും വെള്ളത്തിനടിയിലാകും. ഇവിടങ്ങളിൽ മുങ്ങിമരണങ്ങളും ദിനംപ്രതി വർദ്ധിക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഒരുക്കുന്നതിന് ജലരക്ഷാനിലയം വരേണ്ടത് അനിവാര്യമാണ്

- അഗ്നിരക്ഷാ സേനാംഗങ്ങൾ