photo-1

ചാരുംമൂട് : വർണഭംഗിയും കലാചാരുതയും തുളുമ്പുന്ന ചുവർചിത്രങ്ങളിലൂടെ മ്യൂറൽ ആർട്ടിൽ പുതിയ തരംഗം സൃഷ്ടിക്കുകയാണ് ചാരുംമൂട് സ്വദേശി സൂരജ് രാജേന്ദ്രൻ . മഹാരാഷ്ട്രയിലെ നാസിക്കിലെ പ്രശസ്തമായ നഴ്സിംഗ് കോളേജിലെ പ്രിൻസിപ്പൽ ജോലി ഉപേക്ഷിച്ചാണ് മുഴുവൻ സമയ ചിത്രരചനയ്ക്കായി സൂരജ് ഇറങ്ങിയത്.

സ്കൂൾ വിദ്യാർത്ഥിയായിരിക്കെ പ്രശസ്ത ചിത്രകാരനും ശില്പിയുമായിരുന്ന ചുനക്കര രാജന്റെ കീഴിലാണ് സൂരജ് ചിത്രകല അഭ്യസിച്ചു തുടങ്ങിയത് . ഇപ്പോൾ ചാരുംമൂട്ടിലെ തന്റെ വീടിന്റെ ഒരു ഭാഗം ആർട്ട് ഗ്യാലറിയാക്കി മുഴുവൻ സമയവും ചിത്രരചനയിൽ മുഴുകിയിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ. അതിമനോഹരമായ സൃഷ്ടികളാണ് സൂരജിന്റെ വിരൽത്തുമ്പിൽ വിരിയുന്നത്.

പ്രശസ്ത ചുവർചിത്രകാരനായ മമ്മിയൂർ കൃഷ്ണൻ കുട്ടി നായരുടെ ശിഷ്യനായ രാജേന്ദ്രൻ വാഗയിലിൻറെ ശിക്ഷണത്തിൽ കൂടുതൽ പഠനവും ചിത്രരചനയിൽ നടത്തുന്നുണ്ട്. ധ്യാനശ്ലോകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് കൂടുതൽ ചിത്രങ്ങളും വരയ്ക്കുന്നത്. പ്രാചീന ചുവർചിത്ര ശൈലിയിൽ ഭാവങ്ങൾ പഠിച്ച് അത് ക്യാൻവാസിൽ പകർത്തുകയാണ് സൂരജ്.

പൂർണ്ണമായ ത്രിപുരസുന്ദരി ദേവി സദസ് ആദ്യമായി വരച്ചത് സൂരജ് ആണ് . ദൃഷ്ടി ഗണപതി, രാധാമാധവം പത്മാസന ഗണപതി തുടങ്ങി നിരവധി ചുവർച്ചിത്രങ്ങൾ ഇതിനകം ആവശ്യക്കാർക്കായി വരച്ച് നൽകി.

അച്ഛൻ രാജേന്ദ്രനും അമ്മ സുധയും ഭാര്യ വന്ദനയും പിന്തുണയുമായി സൂരജിന്റെ കൂടെയുണ്ട്. സൂരജിന്റെ മക്കളായ ആറ് വയസുകാരൻ ആരുഷും നാല് വയസുള്ള ആർണവും അച്ഛനോടൊപ്പം ചിത്രകല പരിശീലിക്കുന്നുണ്ട്.