
അമ്പലപ്പുഴ: കൊവിഡിന്റെ തുടക്കം മുതൽ വീടിനെയും വീട്ടുകാരെയും മറന്ന് ആംബുലൻസുമായി ചീറിപ്പായുന്ന സിയാദ് ഷാഹുൽ ഹമീദും പ്രതീഷും നല്ല മനസിന്റെ നേർ കാഴ്ചകളായി.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ 108 ആംബുലൻസ് ഡ്രൈവർമാരാണ് കാക്കാഴം താഴ്ചചയിൽ സിയാദ് ഷാഹുൽ ഹമീദും, പുറക്കാട് പുതുവൽ വീട്ടിൽ പ്രദീഷും. ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്കായി സജ്ജമാക്കിയ ആംബുലൻസുകൾക്കു വിശ്രമമില്ലാതായിട്ട് മാസങ്ങളായി. അതുകൊണ്ടുതന്നെ ഡ്രൈവർമാർക്ക് വീട്ടിൽ പോകാൻ പോലും കഴിയാത്ത സാഹചര്യമാണ്. ഒട്ടുമിക്ക ദിവസങ്ങളിലും ഒരുനേരം മാത്രമാണ് ഭക്ഷണം കഴിക്കുന്നത്.
കൊവിഡ് സ്ഥിരീകരിച്ചവരേയും, രോഗം സംശയിച്ച് ഐസൊലേഷൻ നിർദ്ദേശിക്കുന്നവരെയും ആശുപത്രിയിലെത്തിക്കുക, ഡിസ്ചാർജ് ചെയ്യുന്നവരെ വീട്ടിലെത്തിക്കുക തുടങ്ങിയവയാണ് പ്രധാന ജോലികൾ. വൈറസ് വാഹകരെ ആശുപത്രിയിലെത്തിച്ചാൽ ആദ്യം ആംബുലൻസ് അണുവിമുക്തമാക്കും. അതിനുശേഷം വാതിലുകളും ഗ്ലാസും തുറന്ന് മൂന്നുമണിക്കൂർ വെയിലത്തിടും. പി.പി.ഇ കിറ്റ് ധരിച്ചാണ് ആംബുലൻസ് ഓടിക്കുന്നത്. കൊവിഡ് പോസിറ്റീവായ മൃതദേഹങ്ങളുമായി പോകുന്നതും ഇവരാണ്. പല സന്ദർഭങ്ങളിലും ബന്ധുക്കൾ കൊവിഡ് ഭയന്ന് അകന്ന് നിൽക്കുമ്പോൾ
സംസ്കാരത്തിന് നേതൃത്വം നൽകുന്നതും ഇവർ തന്നെ.
ഇത്രയും പ്രതിസന്ധികളിൽ ജോലി ചെയ്തിട്ടും യാതൊരു അംഗീകാരവും ലഭിക്കുന്നില്ലെന്ന് ഇരുവരും പറയുന്നു. കൊവിഡ് രോഗികൾ എന്നപോലെയാണ് പലപ്പോഴും പലരുടെയും പെരുമാറ്റം. എങ്കിലും യാതൊരു നിരാശയുമില്ലാതെ ഡ്രൈവിംഗ് സീറ്റിൽ അടുത്ത വിളിക്കായി കാത്തിരിക്കുകയാണ് സിയാദും പ്രതീഷും.