
ആലപ്പുഴ: ജി.കെയും കണക്കുമൊക്കെ മണിമണിയായി പഠിപ്പിക്കുന്ന ഒൻപതു വയസുകാരി ശ്രീവൈഗയാണ് പി.എസ്.സി കോച്ചിംഗ് സെന്ററുകളിൽ ഇപ്പോൾ താരം. ജാേലികിട്ടാൻ കാത്തിരിക്കുന്ന ചേട്ടൻമാർക്കും ചേച്ചിമാർക്കും ഇഷ്ടാദ്ധ്യാപിക.
ചെങ്ങന്നൂർ മുതൽ അരൂർ വരെ വിവിധ കേന്ദ്രങ്ങളിൽ നൂറോളം ക്ളാസുകൾ എടുത്തുകഴിഞ്ഞു. അര മണിക്കൂറാണ് ഒരു ക്ളാസ്. പണമൊന്നും വാങ്ങില്ല.
വൈഗ ഈ കൊച്ചു പ്രായത്തിൽ എങ്ങനെ ഇതൊക്കെ പഠിച്ചെടുത്തെന്നല്ലേ. നാലു വയസുള്ളപ്പോൾ അമ്മ ഇന്ദുലേഖയ്ക്കൊപ്പം കോച്ചിംഗ് സെന്ററിന്റെ പടികൾ ചവിട്ടിയതാണ്. മരംവെട്ട് തൊഴിലാളിയായ ഭർത്താവ് അജയകുമാർ പണിക്കു പോകും. മകളെ നോക്കാൻ ആളില്ലാത്തതിനാൽ അവളെയും കൊണ്ടുപോയി ക്ളാസിൽ ഒപ്പമിരുത്തുകയായിരുന്നു.
വീട്ടിലെത്തി പാഠഭാഗങ്ങൾ അമ്മ വായിക്കുമ്പോൾ അമ്മയ്ക്കു മുമ്പേ മകൾ ഉത്തരങ്ങൾ പറയും. മകളുടെ കഴിവ് അങ്ങനെയാണ് ശ്രദ്ധിച്ചത്. ക്രമേണ പഠിക്കുന്നതെല്ലാം അവൾക്കും പറഞ്ഞു കൊടുത്തു തുടങ്ങി. ജനറൽ നഴ്സിംഗ് പാസായ ഇന്ദുലേഖ സർക്കാർ ഉദ്യോഗം മോഹിച്ചാണ് കോച്ചിംഗ് സെന്ററിൽ പോയിത്തുടങ്ങിയത്.
മകളുടെ കഴിവ് ഇന്ദുലേഖ കോച്ചിംഗ് സെന്ററിൽ പറഞ്ഞപ്പോൾ അവർക്കും അത്ഭുതമായി. താമസിയാതെ, അമ്മയടക്കം വിദ്യാർത്ഥികളും ശ്രീവൈഗ അദ്ധ്യാപികയുമായി. കേട്ടറിഞ്ഞവർ ക്ളാസെടുക്കാൻ അവളെ ക്ഷണിച്ചു തുടങ്ങി.
റോൾ മോഡൽ കളക്ടർ അനുപമ
ആലപ്പുഴ കാർമൽ ഇന്റർനാഷണൽ സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന ശ്രീവൈഗയ്ക്ക് ഏറെയിഷ്ടം ആലപ്പുഴയിൽ കളക്ടറായിരുന്ന അനുപമയെയാണ്. നേരിട്ട് കണ്ട് സംസാരിക്കാൻ കഴിഞ്ഞത് വലിയ സന്തോഷമായി. മറ്റൊരു അനുപമയാകണമെന്നാണ് മോഹം. ഓൺലൈൻ പഠനത്തിനായി കളക്ടർ എ.അലക്സാണ്ടർ ടാബ് നൽകി സഹായിച്ചു. അമ്പലപ്പുഴ പുറക്കാട് പുതുവനച്ചിറയിലാണ് ഇവരുടെ താമസം. മൂന്നു വയസുകാരൻ ശങ്കരനാരായണനാണ് അനുജൻ.
ദിനവും പത്ത് ഉത്തരം
ദിവസം കുറഞ്ഞത് 10 ചോദ്യങ്ങളുടെ ഉത്തരങ്ങൾ പഠിക്കും. ഇതിനായി പി.എസ്.സി ഗൈഡുകൾ, പത്രം, സോഷ്യൽ മീഡിയ എന്നിവയിൽ നിന്നൊക്കെ കുറിപ്പുകൾ തയ്യാറാക്കും.
നന്നായി പഠിച്ചാലേ ഇഷ്ടപ്പെട്ട ജോലിയിൽ എത്തിച്ചേരാൻ കഴിയുകയുള്ളൂ എന്നാണ് അച്ഛൻ പറയുന്നത്. അമ്മയാണ് ചോദ്യോത്തരങ്ങൾ പഠിക്കാൻ സഹായിക്കുന്നത്.
-ശ്രീവൈഗ
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഞങ്ങളുടെ പ്രതീക്ഷയാണ് ശ്രീവൈഗ. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലാണ് വിദ്യാരംഭം കുറിച്ചത്. ദേവീകടാക്ഷമാണ് അവളുടെ സിദ്ധി.
- വൈഗയുടെ അമ്മ ഇന്ദുലേഖ