s

നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചെങ്കിലും ബുക്കിംഗുകളില്ല

ആലപ്പുഴ: ഉത്സവസീസണെത്തിയിട്ടും ബുക്കിംഗുകൾ ലഭിക്കാതെ കലാസമിതികൾ പ്രതിസന്ധിയിൽ. പരിപാടി അവതരിപ്പിക്കുന്നതിനുള്ള സർക്കാർ വിലക്ക് നീങ്ങിയെങ്കിലും, കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പരിപാടി സംഘടിപ്പിക്കാൻ സാധിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നതിനാൽ സംസ്ഥാനത്തെ ഭൂരിഭാഗം ഉത്സവകമ്മിറ്റികളും പരിപാടികൾ വേണ്ട എന്നാണ് തീരുമാനിച്ചിരിക്കുന്നത്.

ഇതോടെ തുടർച്ചയായി രണ്ട് സീസണുകളാണ് കലാകാരന്മാർക്ക് നഷ്ടമാകുക. കലാപരിപാടി കാണുന്നതിനായി ഉത്സവപറമ്പിൽ ആളുകൾ കൂടിയാൽ കമ്മിറ്റി ഭാരവാഹികൾക്കെതിരെയാണ് നിയമനടപടിയുണ്ടാകും. ഉത്സവ ദിനങ്ങളിൽ ക്ഷേത്രകലകളാണ് നിലവിൽ ബുക്ക് ചെയ്യപ്പെടുന്നത്. അതേസമയം നാടകം ഉൾപ്പടെയുള്ള കലകൾക്ക് പ്രോത്സാഹനം നൽകുക എന്ന ഉദ്ദേശത്തോടെ വിവിധ സാസ്കാരിക സംഘടനകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് നാടകപ്രദർശനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിൽ തന്നെ വിരലിൽ എണ്ണാവുന്ന സമിതികൾക്ക് മാത്രമാണ് അത്തരത്തിൽ ബുക്കിംഗുകൾ ലഭിക്കുന്നത്. പുതിയ നാടകങ്ങൾ തട്ടിൽ കയറ്റാൻ സാധിച്ചിട്ടില്ലാത്ത സമിതികളുമുണ്ട്. പരിപാടി ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ലാത്തതിനാൽ ഭൂരിഭാഗം സമിതികളും പരിശീലനം ആരംഭിച്ചിട്ടില്ല. ഇതോടെ ഉത്സവ സീസണിലെ വരുമാനം കൊണ്ട് ഉപജീവനം തേടിയിരുന്ന നൂറുകണക്കിന് പേർ ദുരിതത്തിലായി.

അനുബന്ധ മേഖലയിലും തളർച്ച

അരങ്ങിലെത്തുന്ന ഓരോ കലാരൂപത്തിന് പിന്നിലും അനുബന്ധമായി തൊഴിലെടുക്കുന്ന നിരവധി ആളുകളുണ്ട്. അവരുടെ വരുമാനത്തെയും നിലവിലെ പ്രതിസന്ധി ബാധിക്കുന്നു. രചയിതാക്കൾ, ഓർക്കസ്ട്ര, കോസ്റ്റ്യൂം, കേശാലങ്കാരം, ബുക്കിംഗ് ഏജന്റുമാർ എന്നിങ്ങനെ വിവിധ തലത്തിലുള്ള ആളുകളാണ് പിന്നണിയിലുള്ളത്.ഒരു നാടക സമിതിയിൽ ചുരുങ്ങിയത് 12 സ്ഥിരം അംഗങ്ങളുണ്ടാവും. സമാനമാണ് ഗാനമേള ട്രൂപ്പുകളുടയും അവസ്ഥ. ഡാൻസ് ട്രൂപ്പുകളുടെ കോസ്റ്റ്യൂമും മേക്കപ്പ് സാമഗ്രികളും ഉപയോഗിക്കാതെ നശിച്ചുപോകുന്നതും നഷ്ടക്കണക്ക് വർദ്ധിപ്പിക്കുന്നു.

തിരഞ്ഞെടുപ്പ് അടുത്തതോടെ എത്രയോ യാത്രകളാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇതിനൊന്നും കൊവിഡ് പ്രോട്ടോക്കോൾ ബാധകമല്ല. പാവപ്പെട്ട കാലാകാരന്മാരുടെ പരിപാടിക്ക് മാത്രം മാനദണ്ഡങ്ങളുടെ പേരിൽ അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തുന്നത് ദുഃഖകരമാണ്

- മധു പുന്നപ്ര , സ്റ്റേജ് ആർട്ടിസ്റ്റ്

പല കലാകാരന്മാരും മറ്റ് തൊഴിലിടങ്ങളിൽ ചേക്കേറി. കലയോടുള്ള വൈകാരിക ബന്ധം മൂലം ചില സംഘടനകൾ നാടക പ്രദർശനങ്ങൾ നടത്തുന്നുണ്ട്. ഭൂരിഭാഗം സമിതികളും ബുക്കിംഗ് ലഭിക്കാതെ വിഷമിക്കുകയാണ്

- ദീപുരാജ്, കൊല്ലം യവനിക നാടക സമിതി