s

വിളവ് കുറഞ്ഞു, ആവശ്യക്കാർ കൂടി

ആലപ്പുഴ : ആവശ്യക്കാർ കൂടിയെങ്കിലും, വിളവ് കുറഞ്ഞതോടെ ചക്ക കിട്ടാക്കനിയാകുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം ഇത്തവണ മിക്ക പ്ളാവുകളിലും കായ്‌ഫലം വളരെ കുറവാണ്. നാട്ടിൽ മാത്രമല്ല, അന്യസംസ്ഥാനങ്ങളിലും വിദേശങ്ങളിലും ഇപ്പോൾ ചക്കയ്ക്ക് ആവശ്യക്കാർ ഏറെയാണ്. വില ഒരു പ്രശ്നമില്ലാത്ത തരത്തിലാണ് ആവശ്യക്കാരുടെ പ്രതികരണം.

ജില്ലയിൽ ചക്കയുടെ വിളവെടുപ്പ് കുറവായതിനാൽ കോട്ടയം,ഇടുക്കി ജില്ലകളിൽ നിന്നാണ് ചക്ക എത്തുന്നത്. എല്ലാ വർഷവും നിറയെ കായ്ക്കുന്ന പ്ലാവുകളിൽ ഇത്തവണ പേരിന് ഒന്നോ രണ്ടോ ചക്ക മാത്രമാണുണ്ടായതെന്ന് കർഷകർ പറയുന്നു. പ്രളയം കഴിഞ്ഞപ്പോഴും കായ്ഫലം കുറഞ്ഞിരുന്നു. ഇത്തവണ ചക്ക ഉത്പാദനത്തിൽ 40 ശതമാനത്തിന്റെ കുറവാണുണ്ടായിട്ടുള്ളത്. ഇപ്പോൾ വിപണിയിലെത്തിയിട്ടുള്ള ചക്കയ്ക്ക് വിലയും കൂടുതലാണ്. കിലോഗ്രാമിന് 30 രൂപ നിരക്കിലാണ് വില്പന. വരിക്കച്ചക്കയുടെ വില കുതിച്ചുയരുകയാണ്. ചക്ക വലുതാകും മുമ്പേയുള്ള ഇടിച്ചക്കയ്ക്കും വില കൂടുതലാണ്. 35 രൂപ മുതൽ 50 രൂപ വരെയാണ് ഒരു ഇടിച്ചക്കയുടെ വില.

വില പ്രശ്നം അല്ല

ചക്ക കിട്ടാനുണ്ടെങ്കിൽ വില എത്രയായാലും കുഴപ്പമിലല്ലെന്നാണ് ആവശ്യക്കാർ പറയുന്നത്. സാധാരണ വരിക്കച്ചക്കയ്ക്കാണു പ്രിയമെങ്കിലും കിട്ടാനില്ലാത്തതിനാൽ ഇത്തവണ ചക്ക ഏതായാലും മതിയെന്നാണ് ആവശ്യക്കാരുടെ പക്ഷം. മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമിക്കാൻ പല പ്രമുഖ കമ്പനികളും ചക്കയ്ക്കായി നെട്ടോട്ടത്തിലാണ്. ജില്ലയിൽ കുടുംബശ്രീ സംരംഭകരുടെ പ്രധാന വിഭവങ്ങളിൽ ഒന്നാണ് ചക്കവിഭവങ്ങൾ.

മഴ ചതിച്ചു

തുലാവർഷം അവസാനിക്കുന്ന സമയത്താണ് പ്ലാവിൽ ചക്ക പൊട്ടുന്നത്. എന്നാൽ ഇത്തവണ തുലാവർഷം കഴിഞ്ഞും മഴ തുടർന്നതോടെ പൂവ് കൊഴിഞ്ഞുപോയി. ഇതാണ് ചക്ക ഉത്പാദനം കുറയാൻ കാരണം. മഴ നിന്നതോടെ ചില സ്ഥലങ്ങളിൽ വൈകി ചക്ക വിരിഞ്ഞു തുടങ്ങുന്നുണ്ട്. സാധാരണ ഡിസംബറിലാണ് ചക്ക കൂടുതലായി കായ്ക്കുന്നത്.

'' കഴിഞ്ഞ തവണ ചക്ക സുലഭമായിരുന്നെങ്കിലും കൊവിഡ് വ്യാപനം കാരണം കച്ചവടം നടന്നില്ല. ഇത്തവണ മഴ കർഷകരെ ചതിച്ചു. ചക്കക്കുരുവിനു 40 രൂപ മുതൽ 75 രൂപ വരെയാണ് കിലോഗ്രാമിന് വില.

(ഗോപൻ,ചക്കവ്യാപാരി)