
കായംകുളം: തിരക്കേറിയ കായംകുളം കോടതി റോഡിൽ സ്വകാര്യ ബസുകൾ സ്ഥിരമായി പാർക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ ഫോറം പ്രസിഡന്റ് അഡ്വ.ഒ.ഹാരിസ് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി മുൻപാകെ പൊതു താല്പര്യ ഹർജി ഫയൽ ചെയ്തു.
ലോക്ക് ഡൗണിന്റെ ആരംഭം മുതൽ കോടതി റോഡിൽ മൂന്നിലധികം കെ.സി.ടി ബസുകളാണ് സ്ഥിരമായി നിറുത്തിയിടുന്നത്. ട്രാൻസ്പോർട്ട് സ്റ്റാൻഡിൽ നിന്നു പ്രൈവറ്റ് സ്റ്റാൻഡിലേക്കുള്ളഏറെ തിരക്കുള്ള കോടതി റോഡിലും കെ.എസ്.എഫ് ഇക്ക് മുന്നിലും കോടതിയുടെ വടക്കു ഭാഗത്തുള്ള പി.ഡബ് ള്യു.ഡി റോഡിലുമാണ് ബസുകൾ അനധികൃതമായിപാർക്ക് ചെയ്തിരിക്കുന്നത്.
നിരവധി വ്യാപാര, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ദേവാലയങ്ങളിലേക്കുമുള്ള കനീസ കടവ് പാലവും ഈ റോഡിന് സമീപത്താണ്. പകൽ സമയങ്ങളിൽ കോടതി റോഡിൽ ഗതാഗത സ്തംഭനം പതിവാണ്. കേരള കോ ഓപ്പറേറ്റീവ് ട്രാൻസ്പോർട്ട് ബോർഡ് പ്രസിഡന്റ്, സെക്രട്ടറി, കായംകുളം ട്രാഫിക് പൊലീസ് എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജി ഫയൽ ചെയ്തത്. ഈ മാസം 17ന്
കായംകുളം കോടതിയിൽ എതിർ കക്ഷികൾ ഹാജരാവണമെന്നു നിർദേശിച്ചു കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.