s

ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ പിൻവാതിൽ നിയമനത്തിനെതിരെയും പി.എസ്‌.സി റാങ്ക് ഹോൾഡേഴ്സിനെ വഞ്ചിക്കുന്ന നിലപാടിനെതിരെയും യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ പി.എസ്‌.സി ഓഫീസ് ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പി.എസ്‌.സി ഓഫീസിന് സമീപം മാർച്ച് പൊലീസ് ബാരിക്കേഡുപയോഗിച്ച് തടഞ്ഞു. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പൊലീസും പ്രവർത്തകരുമായി വാക്കേറ്റമുണ്ടായി. പ്രവർത്തകർ പിരിഞ്ഞു പോകാതിരുന്നതോടെ പൊലീസ് ലാത്തിവീശി. കളക്ടറേറ്റ് റോഡ് ഉപരോധിച്ച പ്രവർത്തകരെ കൂടുതൽ പൊലീസ് എത്തിയാണ് നീക്കം ചെയ്തത്. പ്രതിഷേധം യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഖിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അനീഷ് തിരുവമ്പാടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറിമാരായ ജി.ശ്യാംക്യഷ്ണൻ, രോഹിത് രാജ്, ബി.ജെ.പി ജില്ലാ സെക്രട്ടറി വിമൽ രവീന്ദ്രൻ, ജില്ലാ ഭാരവാഹികളായ അനൂപ് എടത്വ, ഹരി ഗോവിന്ദ്, ആനന്ദ് ചന്ദ്രശേഖർ, വിയാസിങ്ങ് സാമുവേൽ, മഹേഷ് ഹരിപ്പാട്, അരുൺ ദേവികുളങ്ങര, സൗമ്യ, സുനീഷ് പുഷ്കരൻ, നിയോജകമണ്ഡലം പ്രസിഡന്റ്മാരായ സതീഷ് വഴുവാടി, സൗജിത്ത്, വിശ്വവിജയ് പാൽ, ഷാംജിത്ത്, സൂരജ് ഹരിപ്പാട്, അരുൺ അമ്പലപ്പുഴ, പ്രദീഷ്, ശ്രീനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.