
ആലപ്പുഴ: അയൽവാസിയായ പ്രീഡിഗ്രിക്കാരി രേഖയ്ക്ക് ഇംഗ്ളീഷ് ട്യൂഷനൊപ്പം രാമുസാർ പകർന്നു നൽകിയത് പ്രണയം നിറഞ്ഞ ഹൃദയത്തിന്റെ ഒരു ഭാഗം കൂടിയായിരുന്നു. ദാമ്പത്യ ജീവിതം 27 വർഷം പൂർത്തിയാകവേ രേഖയുടെ കൈപിടിച്ച്, ശിഷ്യരുടെ പ്രിയങ്കരനായ രാമുസാർ നിറഞ്ഞു നിൽക്കുകയാണിപ്പോഴും ക്ളാസ് മുറികളിൽ.
എസ്.ഡി കോളേജ് റിട്ട. പ്രൊഫസറും, നിലവിൽ ചേർത്തല എസ്.എൻ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ പ്രൊഫസറുമായ കളർകോട് അശ്വതിയിൽ രാമചന്ദ്രൻ നായരും ഭാര്യ കാക്കാഴം സ്കൂൾ അദ്ധ്യാപിക രേഖയുമാണ് ക്ളാസ് മുറിയിൽ നിന്ന് ജീവിതത്തിൽ ഒന്നിച്ചത്. രാമു സാർ എന്നാണ് ശിഷ്യർ സ്നേഹത്തോടെ വിളിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ രാമചന്ദ്രൻ നായർ ജോലി സൗകര്യാർത്ഥം സുഹൃത്തും അദ്ധ്യാപകനുമായ പ്രൊഫ. ഇന്ദുലാലിനൊപ്പം കളർകോട് വീട് വാടകയ്ക്കെടുത്ത് താമസിക്കവേയാണ് അയൽവാസിയായ രേഖയെ പരിചയപ്പെടുന്നത്. എസ്.ഡി കോളേജിലെ പ്രീഡിഗ്രി വിദ്യാർത്ഥിനിയായ മകൾക്ക് ഇംഗ്ലീഷിൽ ട്യൂഷൻ നൽകണമെന്ന പിതാവിന്റെ ആവശ്യപ്രകാരം ഇന്ദുലാലാലാണ് ആദ്യം പഠിപ്പിക്കാൻ വീട്ടിലെത്തിയത്. 1992ൽ വിവാഹത്തെ തുടർന്ന് ഇന്ദുലാൽ താമസം മാറിയതോടെ ട്യൂഷൻ രാമചന്ദ്രൻ നായരിലെത്തി. അങ്ങനെ കോളേജിലും വീട്ടിലുമായി ക്ലാസ് പുരോഗമിക്കവേ പ്രണയവും വളർന്നു. 'അന്നൊന്നും വാലന്റൈൻസ് ഡേ ആഘോഷിക്കുന്ന പതിവില്ല. തൊട്ടടുത്ത ദിവസമാണ് എന്റെ പിറന്നാൾ. അതിനോടനുബന്ധിച്ച് രേഖയ്ക്ക് ഇഷ്ടനിറമായ കറുപ്പ് സാരി നൽകി. അതാണ് ആദ്യ സമ്മാനം...' രാമചന്ദ്രൻ നായരുടെ വാക്കുകൾ. രേഖയ്ക്ക് പതിനെട്ട് വയസ് പൂർത്തിയായതോടെ രണ്ട് വർഷത്തെ പ്രണയത്തിനൊടുവിൽ ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം നടന്നു. എം.ബി.എ വിദ്യാർത്ഥി അച്യുത് ഏക മകനാണ്.
വിവാഹസമയത്ത് രാമചന്ദ്രൻ നായർക്ക് 32ഉം രേഖയ്ക്ക് 18ഉം ആയിരുന്നു പ്രായം. ഒരാൾ തിരുവനന്തപുരം നഗരത്തിന്റെ ജീവിത ശൈലി പിന്തുടരുന്നയാൾ. മറുവശത്ത് തനി നാട്ടിൻപുറത്തുകാരി. സ്വഭാവത്തിലും ഇഷ്ടങ്ങളിലുമുള്ള ഈ വൈരുദ്ധ്യമാവാം തങ്ങളെ അടുപ്പിച്ചതെന്ന് ഇരുവരും പറയുന്നു.
ശിഷ്യരുടെ രാമുസാർ
25-ാമത്തെ വയസ് മുതൽ റിട്ടയർമെന്റ് കാലം വരെ എസ്.ഡി കോളേജിന്റെ ഭാഗമായിരുന്നു രാമചന്ദ്രൻ നായർ. സ്റ്റൈലിഷ് ലുക്കിൽ ജീൻസും, മേഡേൺ ഷർട്ടും ഷൂസുമണിഞ്ഞ് കോളേജിലെത്തിയിരുന്ന രാമചന്ദ്രൻ നായർ കുട്ടികൾക്കും അദ്ധ്യാപകർക്കുമിടയിൽ പ്രിയപ്പെട്ട രാമുവാണ്. ഗുരു ശിഷ്യ ബന്ധത്തെക്കാളുപരി, സൗഹൃദം സൂക്ഷിക്കുന്ന അപൂർവ വ്യക്തിത്വമാണ് രാമു സാറിന്റേതെന്നാണ് ശിഷ്യരുടെ അഭിപ്രായം.