മാവേലിക്കര: വിവാഹ വീടിനു സമീപം റോഡിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ പരിക്കേറ്റ് യുവാവ് മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കൊല്ലം പേരയം പടപ്പാക്കര ദിവ്യപ്രഭയിൽ എസ്.ഷാരോൺ (21) ആണ് കഴിഞ്ഞ ദിവസം സ്റ്റേഷനിൽ കീഴടങ്ങിയത്. സംഘട്ടനവുമായി ബന്ധപ്പെട്ട് കൊല്ലം പടപ്പാക്കര എള്ളുവിള അജിത് (19), ചരുവിള അഭിലാഷ് (22), പ്രതിഭ ഭവൻ അഭിൻ (23), മറ്റം വടക്ക് ഹൈ വ്യൂ വീട്ടിൽ നെൽസൺ (54) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ 26ന് രാത്രിയിലായിരുന്നു സംഘട്ടനം. വിവാഹ വീടിന്റെ മുൻവശത്തെ റോഡിൽ യുവാക്കൾ കൂടി നിന്ന് മാർഗതടസം സൃഷ്ടിച്ചതുമായി ബന്ധപ്പെട്ട് നാട്ടുകാരുമായുണ്ടായ വാക്കുതർക്കമാണ് സംഘട്ടനത്തിന് കാരണമായതും തട്ടാരമ്പലം മറ്റം വടക്ക് പനച്ചിത്തറയിൽ രഞ്ജിത്തിന്റെ (33) കൊലപാതകത്തിൽ കലാശിച്ചതും. ബാക്കിയുള്ള പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്നും ചെങ്ങന്നൂർ ഡിവൈ.എസ്.പി ആർ.ജോസ് പറഞ്ഞു.