photo

തൃശൂർ: ദേശീയ പാത കൊരട്ടി പൊങ്ങത്ത് അപ്പോളോ ആശുപത്രിക്ക് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് സിവിൽ പൊലീസ് ഓഫീസർ മരിച്ചു. പേരാമംഗലം സ്​റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ചേർത്തല മുനിസിപ്പൽ 12-ാം വാർഡിൽ കുന്നേൽ പുരുഷോത്തമന്റെ മകൻ കെ.പി. വിനോദ് (38)ആണ് മരിച്ചത്. ഇന്നലെ രാവിലെ ആറോടെയാണ് ജോലി കഴിഞ്ഞ് സ്‌​റ്റേഷനിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ്അപകടം.

മൂന്നു വർഷമായി പേരാമംഗലം സ്​റ്റേഷനിൽ ജോലി ചെയ്തിരുന്ന വിനോദിന് കഴിഞ്ഞ ദിവസം എറണാകുളം സിറ്റിയിലേയ്ക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു.പേരാമംഗലം സ്​റ്റേഷനിൽ നിന്ന് റിലീവ് ചെയ്ത് ചേർത്തലയിലെ വീട്ടിലേയ്ക്ക് പോകുന്നതിനിടെയാണ് അപകടം.ഗുരുതരമായി പരിക്കേറ്റ വിനോദിനെ കറുകുറ്റി അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. ഭാര്യ: സുജ.മകൻ: ഇഷാൻ.മാതാവ്: വത്സല. കൊരട്ടി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.