
ആലപ്പുഴ: മോഷണം, അടിപിടി തുടങ്ങി ആറു കേസുകളിലെ പ്രതി 23 വർഷത്തിനു ശേഷം പിടിയിൽ. ആലപ്പുഴ പാലസ് വാർഡ് പുതുച്ചിറയിൽ വീട്ടിൽ നജീബിനെയാണ് (43) ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കോഴിക്കോട് കാപ്പാടു നിന്നു പിടികൂടിയത്.
ആലപ്പുഴ സൗത്ത് സ്റ്റേഷൻ പരിധിയിലാണ് നജീബിനെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നത്. ഇയാൾ ഗൾഫിലെ ജോലി ഉപേക്ഷിച്ച് കോഴിക്കോട്ട് ഒളിവിൽ കഴിയുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാപ്പാട് ഭാഗത്ത് മീൻ കച്ചവടം നടത്തുകയായിരുന്ന പ്രതിയെ കോഴിക്കോട് സിറ്റി ക്രൈം ടീമിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു. ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘത്തിൽ സൗത്ത് സി.ഐ എസ്. സനൽ, എസ്.ഐ മാരായ കെ.എക്സ്. തോമസ്, ടി.ഡി. നെവിൻ, ഷാഹുൽ ഹമീദ്, എ.എസ്.ഐ മോഹൻകുമാർ, എ. സുധീർ, സി.പി.ഒ മാരായ പ്രതീഷ്, മനേഷ് എന്നിവരായിരുന്നു അംഗങ്ങൾ.