കാമ്പസ് പൊലീസ് യൂണിറ്റുകൾ രൂപീകരിക്കും

ആലപ്പുഴ: സ്‌കൂൾ, കോളേജ് കാമ്പസുകളെ ലഹരി മുക്തമാക്കാൻ കാമ്പസ് പൊലീസ് യൂണിറ്റുകൾക്ക് രൂപം നൽകണമെന്ന ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് ജില്ലയിലും ഇതിനുള്ള നടപടികൾക്ക് തുടക്കമായി. ഈ അദ്ധ്യയന വർഷത്തിൽ ക്ളാസുകൾ കൂടുതലും ഓൺലൈനിലൂടെ ആയതിനാൽ വിദ്യാർത്ഥികൾ സ്കൂളുകളിലും കോളേജുകളിലും നേരിട്ട് എത്താത്തതിനാൽ അദ്ധ്യാപകരുടെ സഹായത്തോടെയാണ് പദ്ധതിക്ക് തുടക്കമായിട്ടുള്ളത്.

വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം നിരീക്ഷിക്കുകയാണ് ദൗത്യം. സംശയം തോന്നുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ കാമ്പസ് പൊലീസ് കൈമാറുന്നതോടെ പൊലീസ്,എക്സൈസ് വകുപ്പുകൾ ഇവരെ നിരീക്ഷിക്കും. ജില്ലയിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചു ലഹരി വില്പന സംഘങ്ങൾ ഇപ്പോഴും സജീവമാണ്. ലഹരിക്ക് അടിമകളാകുന്നവരിൽ യു.പി തലം മുതലുള്ള വിദ്യാർത്ഥികളുണ്ടെന്ന് പൊലീസും എക്‌സൈസും പറയുന്നു. തീരദേശ മേഖലയിലാണ് ജില്ലയിൽ വിദ്യാർത്ഥികളിൽ ലഹരി ഉപയോഗം കൂടുതലായി കാണുന്നത്. കഞ്ചാവിലാണ് വിദ്യാർത്ഥികൾ സാധാരണ ലഹരി ഉപയോഗം തുടങ്ങുന്നത്. പിന്നീട് എം.ഡി.എം.എ, എൽ.എസ്.ഡി തുടങ്ങിയ മാരക മയക്കുമരുന്നുകളിലേക്ക് ചുവടുമാറ്റും.

ലഹരിയും ഓൺലൈനിൽ

കൊവിഡ് കാലത്ത് ലഹരി വിൽപ്പനയും ഓൺലൈൻ വഴിയാണ് നടന്നിരുന്നത് . എറണാകുളം കേന്ദ്രീകരിച്ചുള്ള സംഘങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് വിവിധ ഇനം ലഹരി ഉത്പന്നങ്ങൾ എത്തുന്നത്. ഓൺലൈനിൽ പണം അടച്ചാൽ സാധനം പറയുന്നിടത്തെത്തും. ഇത്തരം മാഫിയയുടെ ഏജന്റുമാരായി വിദ്യാർത്ഥിനികളെയും ഉപയോഗിക്കാറുണ്ട്. ലോക്ക് ഡൗൺ വേളയിൽ ലഹരി വിൽപ്പന കുറഞ്ഞെങ്കിലും ഇപ്പോൾ വില്പന തകൃതിയായി നടക്കുന്നതായാണ് വിവരം . ചേർത്തല, മാരാരിക്കുളം,മണ്ണഞ്ചേരി ആലപ്പുഴ നഗരം എന്നിവയാണ് ജില്ലയിൽ ലഹരിസംഘങ്ങളുടെ പ്രധാന താവളങ്ങൾ. കഴിഞ്ഞ മാസം കായംകുളത്ത് നിന്ന് 12 കിലോ കഞ്ചാവ് പിടികൂടിയിരുന്നു.

ആളൊഴിഞ്ഞ റോഡുകൾ താവളം

ആൾത്തിരക്ക് കുറഞ്ഞ ഇടറോഡുകളിൽ കാറുകളിലും ആഢംബര ബൈക്കുകളിലുമെത്തിയാണ് സംഘങ്ങൾ ലഹരി കൈമാറ്റം നടത്തുന്നത്. കോഡുഭാഷയുപയോഗിച്ചാണ് ആശയ വിനിമയം. വിദ്യാർത്ഥികളാണ് ഇടനിലക്കാരായി പ്രവർത്തിക്കുന്നവരിൽ കൂടുതലും. ആലപ്പുഴ ബീച്ചിന്റെ പരിസരപ്രദേശങ്ങളിലും രാത്രിയിൽ ലഹരി സംഘങ്ങൾ തമ്പടിക്കാറുണ്ട്. നമ്പർ പ്ളേറ്റുകൾ മറച്ചുവച്ചാണ് ന്യൂജെൻ ബൈക്കുകളിൽ ലഹരിക്കടത്ത്.

'' സ്കൂൾ -കോളേജ് വിദ്യാർത്ഥികളിൽ ലഹരി ഉപയോഗം വർദ്ധിച്ചിട്ടുണ്ട്. ഇത് തടയാൻ പലതരം ക്യാമ്പയിനുകൾ സംഘടിപ്പിച്ചു വരുന്നു. ലഹരിക്ക് അടിമപ്പെട്ടവർക്ക് ആദ്യം കൗൺസിലിംഗ് നൽകും. എന്നിട്ടും പരിഹാരമായില്ലെങ്കിൽ ലഹരിവിമുക്ത കേന്ദ്രത്തിൽ ചികിത്സിപ്പിക്കും.

(എക്സൈസ് അധികൃതർ)

'' സ്കൂളുകളിൽ സ്റ്റുഡന്റ്സ് പൊലീസ് ശക്തമാണ്. കോളേജ് കാമ്പസുകളിൽ വർദ്ധിക്കുന്ന ലഹരി ഉപയോഗത്തിന് തടയിടാൻ പ്രയാസകരമാണ്. പലപ്പോഴും കോളേജ് അധികൃതർ പോലും ഇക്കാര്യങ്ങൾ പുറത്ത് അറിയിക്കില്ല.

(പൊലീസ് അധികൃതർ)