
ഗുണനിലവാരമില്ലാത്ത വെള്ളം വ്യാപകം
ആലപ്പുഴ : കുപ്പിവെള്ളത്തിന്റെ ഗുണനിലവാര പരിശോധന കർശനമാക്കണമെന്നാവശ്യമുയരുന്നു. വേനൽ കടുക്കുന്നതോടെ കുപ്പിവെള്ളത്തിന്റെ വില്പന കുത്തനെ ഉയരുമെന്നതിനാൽ വ്യാജൻമാരും തലപൊക്കാനുള്ള സാദ്ധ്യത കൂടുതലാണ്. ഗുണനിലവാരമില്ലാത്ത വെള്ളം കുപ്പികളിലാക്കി വില്പന നടത്തുന്ന സംഘങ്ങൾ എല്ലാ വേനൽക്കാലത്തും രംഗപ്രവേശം ചെയ്യാറുണ്ട്.
കുടിവെള്ളക്ഷാമം രൂക്ഷമായ കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും വേനൽക്കാലത്ത് ലോഡ് കണക്കിന് കുപ്പിവെള്ളമാണ് വിറ്റുപോകുന്നത്. കഴിഞ്ഞ ദിവസം തൃശൂരിൽ ബ്രാൻഡഡ് കമ്പനിയുടെ കുപ്പിവെള്ളത്തിന് നിലവാരം ഇല്ലെന്ന് കണ്ടെത്തിയിരുന്നു. കുപ്പിയിലെ വെള്ളത്തിൽ പാട പോലെയാണ് പൂപ്പൽ കാണപ്പെട്ടു.
കമ്പനിയിൽ പരാതിപ്പെട്ടപ്പോൾ മിനറൽസ് ആണെന്നായിരുന്നു മറുപടി. എന്നാൽ, ലാബിലെ പരിശോധനയിൽ പൂപ്പലാണെന്ന് സ്ഥിരീകരിച്ചു. പല കമ്പനിക്കാരും ആർ.ഒ പ്ലാന്റിൽ നിന്ന് ശേഖരിക്കുന്ന വെള്ളം കുപ്പികളിൽ നിറച്ചാണ് കടകളിൽ എത്തിക്കുന്നത്.
ചൂട് തട്ടരുത്
സൂര്യപ്രകാശം നേരിട്ടു കൊള്ളരുതെന്ന മുന്നറിയിപ്പു വെള്ളക്കുപ്പികളിൽ ഉണ്ടാകും. എന്നാൽ,ഇത് പലപ്പോഴും പാലിക്കാറില്ല. ചൂടേറ്റ് പ്ലാസ്റ്റിക്കിനു രാസമാറ്റം സംഭവിക്കുന്നതോടെ ഡയോക്‌സീൻ എന്ന വിഷാംശം വെള്ളത്തിൽ കലരും. ഇത് അർബുദത്തിനു കാരണമാകും. വെള്ളം വാങ്ങുമ്പോൾ ഐ.എസ്.ഐ മാർക്കും പാക്കിംഗ് തീയതിയും നോക്കണം .
ശ്രദ്ധിക്കാൻ
കുപ്പിവെള്ളം വില്പനയ്ക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് ആക്ട് 2006 പ്രകാരം ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാർഡേഴ്‌സ് (ബി.ഐ.എസ്) ലൈസൻസ് വേണം. വിവിധ തലത്തിലെ ശുദ്ധീകരണത്തിനു ശേഷം കെമിക്കൽ - ബാക്ടീരിയോളജി ടെസ്റ്റുകൾ നടത്തണമെന്നാണു ചട്ടം. എന്നാൽ പ്രമുഖ കമ്പനികൾ ആയിരിക്കണമെന്നില്ല കുപ്പികളിൽ വെള്ളം നിറയ്ക്കുന്നത്.വിതരണക്കാർക്കു കരാർ നൽകുകയാണു പതിവ്. ഇവർക്കു പേരിനൊരു ശുദ്ധീകരണശാല മാത്രമേ കാണൂ. ടാങ്കുകൾ ശുചീകരിക്കുക പോലും ഉണ്ടാവില്ല. ഷിഗെല, കോളിഫോം പോലുള്ള ബാക്ടീരിയകൾ അടങ്ങിയ വെള്ളം കുടിക്കുന്നതോടെ വയറിളക്കം, ഛർദ്ദി പോലുള്ള അസ്വസ്ഥതകൾ ഉണ്ടാകും .
വേനൽക്കാലത്ത് ഹോട്ടലുകളിലും ബേക്കറികളിലും വെള്ളത്തിന്റെയും ഐസിന്റെയും ഗുണനിലവാര പരിശോധന നടത്തും. പരാതികൾ ലഭിച്ചാൽ അന്വേഷിച്ച് നടപടി സ്വീകരിക്കും.
(ഫുഡ് സേഫ്ടി ഉദ്യോഗസ്ഥർ)