
ആലപ്പുഴ : കടലിൽ നിന്നുള്ള മീൻലഭ്യത കുത്തനെ കുറഞ്ഞതോടെ വിപണിയിൽ മീൻവില കുതിച്ചുയരുന്നു. മത്തി, അയല, ചെമ്മീൻ തുടങ്ങി കടലിലെ ആഴം കുറഞ്ഞ ഭാഗങ്ങളിൽ കാണപ്പെടുന്ന മത്സ്യങ്ങൾക്കാണ് ക്ഷാമം കൂടുതൽ. ഇതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികളും പ്രതിസന്ധിയിലായി.
വിപണിയിൽ വിലവർദ്ധനവിന് പുറമെ നല്ല മത്സ്യം ലഭിക്കാനില്ലാത്ത അവസ്ഥയുമുണ്ട്. കഴിഞ്ഞ വർഷം ഇതേ സമയത്ത് ലഭിച്ചതിന്റെ പകുതി അളവ് മത്സ്യം പോലും ഇപ്പോൾ കിട്ടുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ചൂടു കൂടിയതോടെ തീരക്കടലിൽ നിന്ന് മത്സ്യങ്ങൾ അകന്നു നിൽക്കുന്നത് കാരണം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് താരതമ്യേന കുറഞ്ഞ അളവിൽ മാത്രമേ മത്സ്യം ലഭിക്കുന്നുള്ളു.
ഈ സീസണിൽ കൂടുതലായി ലഭിക്കേണ്ട ഞണ്ട്, വാള എന്നിവയും പ്രതീക്ഷിച്ച പോലെ ലഭിക്കുന്നില്ല. ഇഷ്ട ഇനമായ ആവോലി വലയിൽ കുരുങ്ങിയിട്ട് നാളുകളായി. കനത്ത ചൂട് കടലിന്റെ ജൈവ വൈവിദ്ധ്യത്തെ ബാധിക്കുന്നതിനൊപ്പം മീനുകളുടെ ആവാസ വ്യവസ്ഥയെയും തകിടം മറിക്കുന്നു. വേനൽ മഴ ശക്തമായി ലഭിച്ചാൽ മാത്രമേ മീൻ ലഭ്യതയിൽ വർദ്ധവുണ്ടാകാനും വിലകുറയാനും സാദ്ധ്യതയുള്ളൂ. ചൂട് കൂടുന്നതോടെ മത്സ്യലഭ്യത ഇനിയും കുറയുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
മീൻ വില(കിലോഗ്രാമിന് )
മത്തി..................................₹ 300
അയല ...............................₹ 360
ചൂര....................................₹350
ചെമ്മീൻ(വലുത്)...............₹400-500
ചെമ്മീൻ(ചെറുത്)............₹300
അയ്ക്കൂറ..................................₹ 800
......
''മത്സ്യലഭ്യത കുറഞ്ഞതോടെ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവർ, വിൽപ്പനക്കാർ തുടങ്ങി ഈ മേഖലയിൽ ജോലി ചെയ്യുന്നവരെല്ലാം കടുത്ത പ്രതിസന്ധിയിലാണ്. വളളങ്ങളുടെ ഇന്ധന ചെലവിനുള്ള മത്സ്യം പോലും കടലിൽ നിന്ന് ലഭിക്കാത്ത സാഹചര്യമാണുള്ളത്. ചൂട് കൂടുന്നതനുസരിച്ച് മത്സ്യലഭ്യത കുറയും.
(രാജു,മത്സ്യത്തൊഴിലാളി, ആലപ്പുഴ)