
കുട്ടനാടൻ പാടങ്ങളിൽ വളം വിതറാൻ ഡ്രോണുകൾക്ക് അനുമതി
ആലുപ്പുഴ: പാടശേഖരങ്ങളിൽ വളം വിതറാൻ ഡ്രോണുകൾ (യന്ത്രപ്പറവ) എത്തുന്നതോടെ, പരമ്പരാഗത കൃഷിരീതിയിൽ നിന്ന് അടിമുടി മാറുകയാണ് കുട്ടനാട്. കൊയ്ത്തുമെതി യന്ത്രം പാടങ്ങളിലിറങ്ങിയതോടെ ആധുനികതയിലേക്ക് നീങ്ങിയ കാർഷിക മേഖലയിൽ ഡ്രോണുകളുടെ വരവ് പുതിയൊരു ചരിത്രമാവും.
കഴിഞ്ഞ ദിവസം പരീക്ഷണാർത്ഥം എടത്വ, നെടുമുടി കൃഷിഭവനുകളുടെ പരിധിയിലുള്ള പതിനഞ്ചിലധികം ഏക്കർ നിലത്ത് നടത്തിയ വളമിടൽ വിജയമായിരുന്നു. അടുത്ത തവണ മുതൽ കുട്ടനാട്ടിൽ പൂർണ്ണമായും ഡ്രോണുകൾ ഉപയോഗിച്ച് വളമിടൽ നടത്താനുള്ള തയ്യാറെടുപ്പിലാണ് കർഷകർ. വിത മെഷീൻ കൂടി എത്തുന്നതോടെ 80 ശതമാനം ജോലികളും യന്ത്രങ്ങളുടെ കൈകളിലാവും. നിലവിലെ തൊഴിലാളി ക്ഷാമത്തിന് വലിയൊരളവു വരെ പരിഹാരമാവുമിത്.
അര കിലോ വളം 15 ലിറ്റർ വെള്ളത്തിൽ കലർത്തിയാൽ ഡ്രോൺ ഉപയോഗിച്ച് ഒരേക്കറിൽ തളിക്കാനാവും. തൊഴിലാളികൾ ചെയ്യുമ്പോൾ ഏക്കറിന് 70 കിലോ വരെ വേണ്ടിവരുമായിരുന്നു. 10 ദിവസം കൂടുമ്പോൾ മൂന്ന് തവണ വളം ചെയ്യണം. 500 രൂപയുടെ വളത്തിന് പകരം 170 രൂപയുടെ വളം മതിയാവും. മൂന്നാം വളമിടൽ സമയലാഭവും ചെടികളുടെ ഇടയിൽ തൊഴിലാളികൾ ഇറങ്ങുമ്പൾ ഉണ്ടാകുന്ന നഷ്ടവും ഇല്ലാതാകും. എല്ലാ ചെടികളിലും ഒരേ രീതിയിലുള്ള വളപ്രയോഗം പത്ത് മിനിട്ട് കൊണ്ട് യന്ത്രം പൂർത്തീകരിക്കുമ്പോൾ തൊഴിലാളികൾക്ക് ഒന്നര മണിക്കൂർ വേണ്ടിവരും. തൊഴിലാളികൾക്ക് ഇപ്പോൾ നൽകുന്ന കൂലിയായ (ഏക്കറിന്) 800 രൂപയാണ് യന്ത്രത്തിനും വേണ്ടിവരിക. ഏജൻസികളാണ് ഡ്രോണുകൾ എത്തിക്കുന്നത്.
തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ട. തലപ്പായൽ നീക്കം, നിലം ഒരുക്കൽ, നടീൽ, കള പറിക്കൽ എന്നിവയ്ക്കും നിലം പൊത്തിയ നെല്ല് കൊയ്യാനും തൊഴിലാളികളുടെ സഹായം വേണം.
..................................
നിലവിൽ ഏക്കറിന് വേണ്ടത് 70 കിലോ വളം
ഡ്രോൺ ഉപയോഗിക്കുമ്പോൾ വേണ്ടത് അര കിലോ
......................................
മരുന്നിന് അനുമതിയില്ല
നെൽചെടികളിൽ കീടനശീകരണത്തിന് ഡ്രോൺ ഉപയോഗിച്ച് മരുന്ന് തളിക്കാൻ അനുമതിയില്ല. ദുരുപയോഗം ചെയ്യാനുള്ള സാദ്ധ്യത കണക്കിലെടുത്താണിത്. നിരോധിക്കപ്പെട്ട കീടനാശിനികൾ പലതും മാർക്കറ്റിൽ സജീവമാണ്. യന്ത്രത്തിന്റെ സഹായത്തോടെയുള്ള കളനാശിനി പ്രയോഗം കട്ടി കൂടിയതായിരിക്കും! ഇക്കാരണത്താൽ നെല്ലിൽ വിഷാംശത്തിന്റെ അളവും കൂടുതലാവും.
കൃഷി ഓഫീസർമാരുടെ മേൽനോട്ടത്തിൽ മാത്രമേ ഡ്രോൺ ഉപയോഗിച്ചുള്ള വളപ്രയോഗം നടത്താവൂ. ഉയർന്ന അമ്ളം നിലനിൽക്കുന്ന മണ്ണിൽ നിന്ന് വളം ചെടികളിലേക്ക് ആഗിരണം ചെയ്യപ്പെടില്ല. ഇലകളിൽ കൂടിയുള്ള വളപ്രയോഗമാണ് ഉത്തമം
ബി.സ്മിത, അസി.ഡയറക്ടർ, കീടനിരീക്ഷണ കേന്ദ്രം
ഡ്രോൺ ഉപയോഗിച്ചുള്ള വളമിടൽ കുട്ടനാട്ടിൽ തൊഴിലാളികളുടെ വരുമാനം കുറയ്ക്കും. തൊഴിൽ കുറയുന്നതിനാൽ സർക്കാർ സഹായം എത്തിക്കണം
കർഷക തൊഴിലാളികൾ