
ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ജില്ലയിൽ നാളെയും മറ്റന്നാളും പര്യടനം നടത്തും. കോട്ടയം ജില്ലയിലെ പര്യടനം പൂർത്തീകരിച്ച് നാളെ വൈകിട്ട് മൂന്നിന് തണ്ണീർമുക്കത്ത് എത്തുന്ന ജാഥയെ ഡി.സി.സി പ്രസിഡന്റ് എം.ലിജുവിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് നേതാക്കൾ സ്വീകരിക്കും. വൈകിട്ട് നാലിന് അരൂർ നിയോജകമണ്ഡലത്തിലെ തുറവൂർ ജംഗ്ഷനിലും അഞ്ചിന് ചേർത്തല മുനിസിപ്പൽ മൈതാനത്തും നടക്കുന്ന സമ്മേളനങ്ങൾ എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. ആറിന് ആലപ്പുഴ, അമ്പലപ്പുഴ നിയോജകമണ്ഡലങ്ങളിലെ സ്വീകരണം ആലപ്പുഴ പോപ്പി ഗ്രൗണ്ടിൽ നടക്കും. സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
16ന് രാവിലെ എട്ടിന് പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലേക്കുള്ള നിർദേശങ്ങൾക്ക് വേണ്ടി വിവിധ രംഗത്തുള്ളവരുമായി ആശയവിനിമയും നടത്തും. 11ന് കുട്ടനാട് നിയോജകമണ്ഡലത്തിലെ സ്വീകരണം പൂപ്പള്ളി ജംഗ്ഷനിൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും.വൈകിട്ട് മൂന്നിന് ചെങ്ങന്നൂർ ബിസിനസ് ഇന്ത്യ ഗ്രൗണ്ടിൽ കൊടിക്കുന്നിൽ സുരേഷ് എം.പിയും നാലിന് മാവേലിക്കര കോടിക്കൽ ഗാർഡൻസിൽ ആർ.എസ്.പി നേതാവ് എൻ.കെ.പ്രേമചന്ദ്രൻ എം.പിയും സ്വീകരണ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യും.
അഞ്ചിന് ഹരിപ്പാട് തെക്കേ നടയിൽ മുനിസിപ്പൽ ഓഫിസിന് മുൻവശത്തും ആറിന് കായംകുളം എൽമെക്സ് ഗ്രൗണ്ടിലും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ എം.പി മുഖ്യപ്രഭാഷണം നടത്തും. ലീഗ് നേതാവ് കെ.എൻ.എ ഖാദർ എം.എൽ.എ, മറ്റ് ഘടക ക്ഷി നേതാക്കൾ എന്നിവർ വിവിധ യോഗങ്ങളിൽ സംസാരിക്കും. ഇന്ന് നിയോജക മണ്ഡലം തലത്തിൽ വിളംബര ജാഥ നടക്കും. വാർത്താസമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്റ് എം.ലിജു, യു.ഡി.എഫ് ചെയർമാൻ സി.കെ.ഷാജി മോഹൻ, കൺവീനർ അഡ്വ. ബി.രാജശേഖരൻ, മുസ്ളീംലീഗ് ജില്ലാ പ്രസിഡന്റ് എ.എം.നസീർ എന്നിവർ പങ്കെടുത്തു.