
അരൂർ: അരൂർ മുതൽ ഒറ്റപ്പുന്ന വരെയുള്ള നാലുവരി ദേശീയപാതയുടെ ഇരു വശങ്ങളും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി.
ഹോട്ടലുകളിലും ബേക്കറികളിലും നിന്ന് പുറന്തള്ളുന്ന മാലിന്യങ്ങളും ഇറച്ചിക്കടകളിൽ നിന്നുള്ള അറവുമാലിന്യങ്ങളും അടുക്കള മാലിന്യങ്ങളുമാണ് പ്ലാസ്റ്റിക് ചാക്കുകളിലും കവറുകളിലുമായി ഇരുട്ടിന്റെ മറവിൽ പാതയോരത്ത് തള്ളുന്നത്. കാട് കയറിയ പാതയോരം മാലിന്യം തള്ളാൻ സഹായകമാകുന്നുണ്ട്. കുത്തിയതോട്,ചന്തിരൂർ പാലങ്ങളും മാലിന്യം തള്ളുന്നവരുടെ ഇഷ്ട കേന്ദ്രമാണ്. ചന്തിരൂർ പാലത്തിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ വർഷങ്ങൾക്ക് മുൻപ് സി.സി.ടി.വി കാമറ സ്ഥാപിച്ചെങ്കിലും യാതൊരു പ്രയോജനവുമില്ലെന്ന് നാട്ടുകാർ പറയുന്നു. മാലിന്യവാഹിനിയായ ചന്തിരൂർ പുത്തൻതോടിന്റെ ദുർഗന്ധം സഹിക്കുന്ന പ്രദേശവാസികൾക്ക് കൂനിന്മേൽ കുരുവായി മാറിയിരിക്കുകയാണ് പാതയോരത്തെ മാലിന്യ നിക്ഷേപം.
അരൂർ കെൽട്രോൺ ജംഗ്ഷന് തെക്ക് ഭാഗത്തെ ബസ് ബേയിൽ കുന്നുകൂടിയ മാലിന്യം ദീർഘനാളത്തെ പരാതികൾക്കൊടുവിൽ പഞ്ചായത്ത് ഇടപെട്ട് നീക്കം ചെയ്യുകയും സി.സി.ടി.വി സ്ഥാപിക്കുകയും ചെയ്തിരുന്നു. അറവുമാലിന്യങ്ങൾ ഭക്ഷിക്കാൻ കൂട്ടമായെത്തുന്ന തെരുവ്നായ്ക്കൾ കാൽനടക്കാർക്കും ഇരുചക വാഹന യാത്രികർക്കും ഭീഷണിയാണ്. ചീഞ്ഞളിഞ്ഞ മാലിന്യങ്ങളിൽ നിന്നുള്ള അസഹനീയമായ ദുർഗന്ധം മൂലം മൂക്ക് പൊത്താനാകാതെ റോഡിലൂടെ സഞ്ചരിക്കാനാകാത്ത സ്ഥിതിയായിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.