ആലപ്പുഴ: സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളുടെ ഓരം ചേർന്ന് 15 ലക്ഷം വാഹനങ്ങളാണ് പാർക്ക് ചെയ്യുന്നതെന്നും പലേടത്തും ഇത് ഗതാഗതക്കുരുക്കിന് ഇടവരുത്തുന്നുണ്ടെന്നും മന്ത്രി ജി.സുധാകരൻ പറഞ്ഞു. ആലപ്പുഴ ബീച്ചിനടുത്തുള്ള റസ്റ്റ് ഹൗസ് വളപ്പിൽ പുതുതായി നിർമ്മാണം പൂർത്തീകരിച്ച റസ്റ്റ് ഹൗസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

റോഡ് നിയമങ്ങൾ അനുസരിക്കുന്നതിൽ അല്പം കൂടി പൗരബോധം പാലിക്കണം. 25 പൊതുമരാമത്ത് വിശ്രമകേന്ദ്രങ്ങൾ പുതുതായി നിർമ്മിച്ചു. കഴിഞ്ഞകാല സർക്കാരുകൾ റസ്റ്റ് ഹൗസുകളിൽ പലതും വാടകയ്ക്ക് നൽകി. ഇത് കേസ് പറഞ്ഞാണ് പിന്നീട് തിരിച്ചു പിടിച്ചത്. റസ്റ്റ് ഹൗസുകൾക്ക് അടുക്കും ചിട്ടയും കൈവന്നിട്ടുണ്ട്. മൂവായിരത്തിലധികം മുറികളുണ്ട്. ഓൺലൈൻ ബുക്കിംഗ് ഏർപ്പെടുത്തി. ജീവനക്കാർക്ക് യൂണിഫോം ആയി. കൂടുതൽ ജീവനക്കാരെ റസ്റ്റ് ഹൗസുകളിൽ നിയമിക്കും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് രണ്ട് കോടി മാത്രമായിരുന്ന വരുമാനം ഇപ്പോൾ 20 കോടിയിലെത്തി. ബീച്ചിലെ റസ്റ്റ് ഹൗസിന്റെ നിലവിലുള്ള കെട്ടിടങ്ങളുടെ സ്ഥല പരിമിതിയും പഴക്കവും പരിഗണിച്ചു റസ്റ്റ് ഹൗസ് കോമ്പൗണ്ടിൽ ആധുനിക സൗകര്യങ്ങളോടുകൂടി കെട്ടിടം ഏഴ് കോടി രൂപ ചെലവഴിച്ച് നിർമിക്കുകയായിരുന്നു. താഴത്തെ നിലയിൽ രണ്ടു വി.ഐ.പി റൂം, ലോബി, ഓഫീസ്, കിച്ചൺ, ഡൈനിംഗ് ഉൾപ്പെടെയുള്ള സൗകര്യവും ഒന്നാം നിലയിൽ രണ്ട് വി.ഐ.പി റൂം, അഞ്ച് എ.സി റൂം, കോൺഫറൻസ് ഹാൾ, ലോബി, വാഷ് ഏരിയ ഉൾപ്പെടെയുള്ള സൗകര്യങ്ങളും രണ്ടാമത്തെ നിലയിൽ രണ്ട് വി.ഐ.പി റൂം, അഞ്ച് എ.സി റൂം, ഹൗസ് കീപ്പിംഗ് എന്നിവ ഉൾപ്പെടെയുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കെട്ടിടത്തിന്റെ ഇലക്ട്രിക്കൽ ജോലികൾക്കായി 62.62 ലക്ഷത്തിന്റെ പ്രവൃത്തികൾ പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം പൂർത്തീകരിച്ചു. നഗരസഭ ചെയർമാൻ സൗമ്യ രാജ്, മുനിസിപ്പൽ വൈസ്‌ ചെയർമാൻ പി.എസ്.എം.ഹുസൈൻ, വാർഡ് കൗൺസിലർ സിമി ഷാഫി ഖാൻ, എക്‌സിക്യുട്ടീവ് എൻജിനിയർ വി.ഐ.നസീം, ചീഫ് എൻജിനിയർ ഹൈജിൻ ആൽബർട്ട്, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ ഏബിൾ മോൻ എന്നിവർ സംസാരിച്ചു.