s

ആലപ്പുഴ: നഗരത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമല്ലെന്ന ആക്ഷേപം നിലനിൽക്കെ, ജാഗ്രതാസമിതികളടക്കം പുന:സംഘടിപ്പിച്ച് പ്രവർത്തനങ്ങൾ പൂർവസ്ഥിതിയിലാക്കാനുള്ള ശ്രമത്തിന് തുടക്കമായി.

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം നഗരസഭയിൽ ഭരണമാറ്റം ഉണ്ടായതോടെ, പ്രതിരോധ പ്രവർത്തനങ്ങളിൽ പോരായ്മകളുണ്ടെന്ന് ആദ്യ മാസം പരാതി ഉയർന്നിരുന്നു. മുൻ ഭരണസമിതിയുടെ നേതൃത്വത്തിൽ പൊതു ഇടങ്ങളിൽ ആരോഗ്യ വിഭാഗത്തെ ഉപയോഗിച്ച് നിരന്തരമായി നടത്തിയിരുന്ന പരിശോധനകളും, നിയന്ത്രണങ്ങളും പുതിയ ഭരണ സമിതിയുടെ തുടക്കത്തിൽ പ്രകടമായിരുന്നില്ല. നിലവിൽ ആലപ്പുഴ ടൗൺ ഹാളാണ് നഗരത്തിലെ പ്രധാന കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായി പ്രവർത്തിക്കുന്നത്. കടപ്പുറത്തെ വനിതാ, ശിശു ആശുപത്രിയാണ് സെക്കൻഡ് ലൈൻ കൊവിഡ‌് കെയർ സെന്റർ. നാളുകളായി മുടങ്ങിക്കിടന്ന സ്ക്വാഡ് പ്രവർത്തനങ്ങളും ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ പുനരാരംഭിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. ജനറൽ ആശുപത്രി കേന്ദ്രീകരിച്ചുള്ള കൊവിഡ് ടെസ്റ്റുകൾ തുടരുന്നുണ്ട്.

...........................

പുതിയ കൗൺസിൽ അംഗങ്ങളെ ഉൾപ്പെടുത്തി ജാഗ്രതാ സമിതികൾ പുനഃസ്ഥാപിക്കുന്നത് വരെയുള്ള കാലയളവിലാണ് പ്രവർത്തനങ്ങൾ പ്രകടമാകാതിരുന്നത്. പുതിയ ജാഗ്രതാ സമിതികൾ നിലവിൽ വന്നിട്ടുണ്ട്. കൂടാതെ പൊതു ഇടങ്ങളിൽ സ്ക്വാഡ് പ്രവർത്തനങ്ങളും വരും ദിവസങ്ങളിൽ ഊർജിതമാക്കും

ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, നഗരസഭ