
ആലപ്പുഴ: കാപ്പിത്തോട് നവീകരണത്തിന് 16 കോടി രൂപ അനുവദിച്ചതായി മന്ത്രി ജി സുധാകരൻ പറഞ്ഞു. മുൻ വർഷം 18 കോടി അനുവദിച്ചിരുന്നു. പലവിധ തടസങ്ങളാൽ മുടങ്ങിയ പദ്ധതി എല്ലാവരുടെയും സഹകരണമുണ്ടായാൽ ഈ വർഷം പൂർത്തീകരിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ട്രാഫിക് സേഫ്റ്റി ഫണ്ടിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച എസ്.എൻ കവല -വളഞ്ഞവഴി- കക്കാഴം ഭാഗത്തെ ഓടയുടെയും വളഞ്ഞവഴി മുതൽ കക്കാഴം-ആർ.ഒ.ബി വരെ ഇന്റർലോക്ക് ടൈൽ പാകിയതിന്റെയും പുനരുദ്ധാരണം നടത്തിയ അമ്പലപ്പുഴ കച്ചേരിമുക്കിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ് അദ്ധ്യക്ഷത വഹിച്ചു.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരിസ്, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് കവിത, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ്, ജില്ലാ പഞ്ചായത്ത് അംഗം പി.അഞ്ജു, എൻ.എച്ച് എക്സിക്യുട്ടീവ് എൻജിനീയർമാരായ ആർ.അനിൽ കുമാർ, എസ്.ബി.സ്മിത, എൻ.എച്ച് സൂപ്രണ്ടിംഗ് എൻജിനീയർ ഉണ്ണിക്കൃഷ്ണൻ നായർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.