t

ആലപ്പുഴ: കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന വിവിധ ഉത്പന്നങ്ങൾ സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലൂടെയും മറ്റ് വിപണന കേന്ദ്രങ്ങളിലൂടെയും ലഭ്യമാക്കാനായി ജില്ലയിൽ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള സർവേ പുരോഗമിക്കുന്നു. ഏതൊക്കെ ഉത്പന്നങ്ങളാണ് വിപണിയിലെത്തിക്കേണ്ടത് എന്നതാണ് അന്വേഷിക്കുന്നത്.

സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ, ഹൈപ്പർ മാർക്കറ്റുകൾ, പീപ്പിൾസ് ബസാർ എന്നീ കേന്ദ്രങ്ങളിൽ കുടുംബശ്രീ ഉത്പന്നങ്ങൾ വിപണനം നടത്താനായി ഒരു പ്രത്യേക ഷെൽഫ് സ്‌പേസ് ഉടൻ തയ്യാറാക്കും. നിലവിൽ തിരുവനന്തപുരം വഴുതക്കാടും ശ്രീകാര്യത്തുമുള്ള സപ്ലൈകോ ഹൈപ്പർ മാർക്കറ്റുകളിൽ ഷെൽഫ് തയ്യാറായിട്ടുണ്ട്. ആലപ്പുഴയിൽ ഈ മാസം തന്നെ പ്രവർത്തനം ആരംഭിക്കാൻ ദ്രുതഗതിയിൽ നടപടികൾ പുരോഗമിക്കുകയാണ്. കുടുംബശ്രീ മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റ്, സെയിൽസ് ടീം എന്നിവരുടെ നേതൃത്തിലാണ് ഇവിടേക്ക് ഉത്പന്നങ്ങൾ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സ്റ്റോക്ക് അനുസരിച്ച് ഉത്പന്നങ്ങൾ സ്ഥിരമായി എത്തിക്കുന്ന പ്രവർത്തനങ്ങളും ഇവർ ചെയ്യും. രണ്ടാം ഘട്ടത്തിൽ മാവേലി സ്റ്റോറുകൾ വഴിയും കുടുംബശ്രീ ഉത്പന്നങ്ങൾ വിൽക്കാനുള്ള സംവിധാനങ്ങളും സാദ്ധ്യമാക്കും.

കുടുംബശ്രീ സംരഭകരുടെ അപ്പം പൊടി, പുട്ടുപൊടി, കറി പൗഡറുകൾ,ഫുഡ് പ്രൊഡക്ട്‌സ്, വെളിച്ചെണ്ണ, കായം, ഹാൻഡ് വാഷ്, സാനിട്ടൈസർ, ലോഷനുകൾ,അച്ചാറുകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ സപ്ലൈകോയിൽ എത്തിക്കുന്നത്. കുടുംബശ്രീ ബ്രാൻഡുകളിൽ തന്നെ ഇവ വിൽക്കും. മാരി ബ്രാൻഡുകളിൽ കുടകളും വിതരണം ചെയ്യും.

 പാക്കിംഗ് പരിശീലനം

കുടുംബശ്രീ സംരംഭക കേന്ദ്രങ്ങളിൽ പലതിലും സാധാരണ പാക്കിംഗാണ് നടക്കുന്നത്. എന്നാൽ ഔട്ട്ലെറ്റുകളിൽ വരുമ്പോൾ ബ്രാൻഡഡ് കമ്പനികളുടേതു പോലെ പാക്കിംഗ് ആവശ്യമാണ്. പാക്കിംഗ് മികച്ചതല്ലെങ്കിൽ കാറ്റ് കയറി സാധനങ്ങൾ വേഗം കേടാകും. പാക്കിംഗ് മികവിനായി കുടുംബശ്രീയുടെ നേതൃത്വത്തിൽ പരിശീലനം നടക്കുകയാണ്. ആദ്യഘട്ടത്തിൽ ഇങ്ങനെയുള്ള ഉത്പന്നങ്ങൾ ഒഴിവാക്കി ഉദ്ഘാടനം നടത്താനുള്ള ആലോചനയിലാണ് അധികൃതർ.

.......................................

കുടുംബശ്രീയുടെ കീഴിലുള്ള സംരംഭകരുടെ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാനും അതുവഴി വലിയൊരു വിപണി സാദ്ധ്യത തുറന്നു കിട്ടാനുമാണ് പുതിയ പദ്ധതി ആരംഭിക്കുന്നത്. സപ്ലൈകോ കരാറിൽ ഏർപ്പട്ടതോടെ കുടുംബശ്രീ ഉത്പന്നങ്ങൾക്ക് മെച്ചപ്പെട്ട വിപണത്തിനുള്ള അവസരവും സംരംഭകൾക്ക് കൂടുതൽ വരുമാന ലഭ്യതയും ഉറപ്പുവരുത്താനാകും.

(അജയ് കുമാർ, കുടുംബശ്രീ ജില്ലാ അസി.കോ ഓർഡിനേറ്റർ)