homeco-

ആലപ്പുഴ: കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോ-ഓപറേറ്റീവ് ഫാർമസി ലിമിറ്റഡിന്റെ (ഹോം കോ) പുതിയ ഫാക്ടറി കെട്ടിടം ഇന്ന് രാവിലെ 9 ന് വലിയ കലവൂരിൽ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. ടി.എം.തോമസ് ഐസക് അദ്ധ്യക്ഷനാകും.

ഇന്ത്യയിലെ ഏറ്റവും വലിയ ഹോമിയോ മരുന്ന് നിർമ്മാണ ഫാക്ടറിയാണ് ഹോംകോ എന്ന് മാനേജിംഗ് ഡയറക്ടർ ഡോ.പി. ജോയിയും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സെനിമോനും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.1974ൽ രജിസ്റ്റർ ചെയ്ത ഹോംകോയിൽ 1978 മുതൽ മരുന്നുത്പാദനം നടക്കുന്നുണ്ട്. 1980 മുതൽ ഹോമിയോപ്പതി വകുപ്പിനാവശ്യമായ മരുന്നുകൾ മുഴുവൻ വിതരണം ചെയ്യുന്ന ഹോംകോ, ഇന്ത്യ ഗവൺമെന്റ് ആയുഷ് വകുപ്പിന്റെ അംഗീകൃത വിതരണക്കാരാണ്.പാതിരപ്പള്ളിയിൽ ദേശീയ പാത 66 ന് പടിഞ്ഞാറ് 70 സെന്റ് സ്ഥലത്താണ് ഹോംകോ ഫാക്ടറി കെട്ടിടം പ്രവർത്തിക്കുന്നത്.പുതിയ ഫാക്ടറി കലവൂരിൽ കെ.എസ്.ഡി.പി യുടെ എതിർവശത്തുള്ള 2.41 ഏക്കർ സ്ഥലത്താണ് നിർമ്മിച്ചിരിക്കുന്നത്. കോട്ടയം മുണ്ടക്കയത്ത് 5.5 ഏക്കർ സ്ഥലത്ത് ഔഷധ സസ്യ തോട്ടവും തിരുവനന്തപുരത്ത് മണക്കാട് വില്ലേജിൽ 50 സെന്റ് ഭൂമിയും ഉണ്ട്. ഹോമിയോപ്പതി ഡയറക്ടർ ചെയർമാനും ആയുഷ് വകുപ്പ് അഡീഷണൽ സെക്രട്ടറി, ധനവകുപ്പ് അണ്ടർ സെക്രട്ടറി, ജില്ല മെഡിക്കൽ ഓഫീസർ, ഹോംകോ മാനേജിംഗ് ഡയറക്ടർ എന്നിവർ അംഗങ്ങളുമായ അഡ്മിനിസ്‌ട്രേറ്റീവ് കൗൺസിലിന്റെ നിയന്ത്രണത്തിലാണ് ഹോംകോ പ്രവർത്തിക്കുന്നത്.

ഹോംകോ ലബോറട്ടറിയിൽ പുറമെ നിന്നുള്ള മരുന്നുകളുടെ ഗുണനിലവാര പരിശോധന നടത്താനുള്ള ഗവ. അംഗീകാരവുമുണ്ട്. മറ്റു സംസ്ഥാനങ്ങളിലും മരുന്ന് വിതരണം നടത്തുന്ന ഹോംകോ, പുതിയ ഫാക്ടറി പ്രവർത്തിച്ചു തുടങ്ങുന്നതോടെ വിദേശത്തേക്കും മരുന്നുകയറ്റുമതി തുടങ്ങും. എല്ലാ പ്രവൃത്തി ദിനങ്ങളിലും ഹോംകോ സൗജന്യ ഹോമിയോ ക്ലിനിക് നടത്തുന്നുണ്ട്. ഹോമിയോ മരുന്ന് ഉത്പാദനത്തിൽ 18 മാസത്തെ പരിശീലനവും ഫാർമസി വിദ്യാർത്ഥികൾക്കുള്ള പരിശീലനവും ഹോംകോയിലുണ്ട്. 158 ജീവനക്കാരാണ് നിലവിൽ ജോലി ചെയ്യുന്നത്.പുതിയ കെട്ടിടം 52.88 കോടി രൂപ ചെലവിട്ടാണ് നിർമ്മിക്കുന്നത്.18.29 കോടി ചെലവിൽ നിർമ്മാണം പൂർത്തിയാക്കിയ ഫാക്ടറി കെട്ടിടമാണ് ഇപ്പോൾ ഉദ്ഘാടനം ചെയ്യുന്നതെന്ന് എം.ഡി പറഞ്ഞു.വാർത്താ സമ്മേളനത്തിൽ അഡ്മിനിട്രേറ്റീവ് അസി.സിനിമോനും പങ്കെടുത്തു.