ആലപ്പുഴ: സംസ്ഥാനതല പട്ടയ വിതരണ ചടങ്ങിനോടനുബന്ധിച്ച് ജില്ലയിൽ വിവിധ താലൂക്കുകളിലായി 105 പട്ടയങ്ങൾ വിതരണം ചെയ്തു. മാവേലിക്കര, ചെങ്ങന്നൂർ താലൂക്ക് ഓഫീസുകളുടെയും ജില്ലയിലെ 12 വില്ലേജ് ഓഫീസുകളുടെയും കെട്ടിട നിർമാണ ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു.

കളക്ടറേറ്റിൽ സംഘടിപ്പിച്ച ചടങ്ങിൽ കളക്ടർ എ.അലക്സാണ്ടർ, മുനിസിപ്പൽ ചെയർപേഴ്സൺ സൗമ്യ രാജ്, വാർഡ് കൗൺസിലർ സിമി ഷാഫിഖാൻ എന്നിവർ പട്ടയം വിതരണം ചെയ്തു. 47 എൽ.എ പട്ടയങ്ങൾ, 43 എൽ.ടി പട്ടയങ്ങൾ, 15 ദേവസ്വം പട്ടയങ്ങൾ എന്നിവയാണ് വിതരണം ചെയ്തത്. കൂടാതെ ഒൻപത് പേർക്ക് കൈവശ രേഖയും നൽകി. പിണറായി സർക്കാർ ‍ അധികാരത്തിൽ വന്ന ശേഷം നാല് പട്ടയമേളകളാണ് നടന്നത്. ജില്ലയിൽ ഇതുവഴി ആകെ 1178 പട്ടയങ്ങളും 116 കൈവശാവകാശ രേഖയും വിതരണം ചെയ്തു.