t

ആലപ്പുഴ: ജില്ലയുടെ തീരത്ത് കാലവർഷത്തിന് മുമ്പ് പുലിമുട്ടുകൾ സ്ഥാപിക്കാനായി ടെട്രാ പോഡുകളുടെ നിർമാണം ദ്രുതഗതിയിലായി. കരിങ്കല്ലിനു പകരം ടെട്രാ പോഡ് നിരത്തി പുലിമുട്ടുകൾ നിർമ്മിക്കാനാണ് ജലസേചന വകുപ്പ് തീരുമാനിച്ചിട്ടുള്ളത്.

അടുത്ത കാലവർഷത്തിന് മുമ്പ് പുലിമുട്ട് നിർമ്മാണം 50 ശതമാനം പൂർത്തീകരിക്കാനാണ് ശ്രമം. കൊവിഡ് തടസപ്പെടുത്തിയിട്ടും കഴിഞ്ഞ ആറുമാസത്തിനുള്ളിൽ പത്ത് ശതമാനം ടെട്രാ പോഡുകളുടെ നിർമ്മാണം പൂർത്തീകരിച്ചു. അഞ്ച് സ്ഥലങ്ങളിലായി 70,000 എണ്ണമാണ് വേണ്ടത്. ഏഴായിരം പൂർത്തിയായി. പുന്നപ്ര മുതൽ കോമന വരെയുള്ള ഭാഗത്താണ് പുലിമുട്ടുകൾ നിർമ്മിക്കുന്നത്. വലിയ കല്ലിന്റെ കുറവ് നിർമ്മാണത്തിന് തടസം സൃഷിക്കുന്നുണ്ട്.

ആദ്യഘട്ടത്തിൽ ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് നിയമസഭ മണ്ഡലങ്ങളിൽ അതിരൂക്ഷമായ കടലാക്രമണം അനുഭവപ്പെടുന്ന 13.30 കിലോമീറ്റർ നീളത്തിൽ 114 പുലിമുട്ടുകൾ സ്ഥാപിക്കാൻ 184.04 കോടി കിഫ്ബിയിൽ നിന്നു അനുവദിച്ചിട്ടുണ്ട്. നിർമ്മാണ ചുമതല കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷനാണ്. 18 മാസം കൊണ്ട് പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട പദ്ധതിയുടെ നിർമ്മാണോദ്ഘാടനം കഴിഞ്ഞ ഒക്ടോബർ ആദ്യവാരം കാട്ടൂരിൽ മന്ത്രി ഡോ.തോമസ് ഐസക് നിർവഹിച്ചു. അമ്പലപ്പുഴ, കാട്ടൂർ, പുന്നപ്ര, പതിയാങ്കര എന്നിവിടങ്ങളിലാണ് ടെട്രാ പോഡ് നിർമ്മാണം നടക്കുന്നത്. ഇതിനായി അമ്പലപ്പുഴയിൽ കോൺക്രീറ്റ് മിക്‌സിംഗ് പ്‌ളാന്റ് സ്ഥാപിച്ചു. അടുത്ത ആഴ്ച മിക്‌സിംഗ് പ്‌ളാന്റിൽ നിന്ന് വാഹനത്തിൽ നിർമ്മാണ കേന്ദ്രങ്ങളിൽ റെഡിമിക്‌സ് എത്തിക്കും. ഓരോ കേന്ദ്രത്തിലും തയ്യാറാക്കിയിട്ടുള്ള മോൾഡിൽ കോൺക്രീറ്റ് നിറച്ച് നിർമ്മാണം വേഗത്തിലാക്കും. ടെട്രാ പോഡിന്റെ തൂക്കം തിട്ടപ്പെടുത്താൻ ഓരോകേന്ദ്രത്തിലും വേബ്രിഡ്ജ് നിർമ്മാണവും പൂർത്തിയായി.

പാറമട പ്രതിസന്ധി

പുലിമുട്ടുകളുടെ അടിഭാഗത്ത് നിരത്താനുള്ള കരിങ്കല്ലിന്റെ ക്ഷാമം പരിഹരിക്കാൻ മല്ലപ്പള്ളി മണിമലയിൽ 20 ഏക്കർ പാറമട വിലയ്‌ക്കെടുത്തു പാറ പൊട്ടിക്കൽ ആരംഭിക്കാൻ പഞ്ചായത്തിന്റെയും മറ്റ് വകുപ്പുകളുടെയും അനുമതി വൈകുന്നത് തടസമായി. കല്ലിന് മുകളിൽ രണ്ട് ടൺ തൂക്കം വരുന്ന ചെറിയ ടെട്രാപോഡ് നാല് വശവും അടുക്കും. 100 മുതൽ 1000 കിലോ വരെയുള്ള ചെറുകല്ല് നെറ്റ് വിരിച്ച് ഉള്ളിൽ നിറയ്ക്കും. മുകൾഭാഗത്ത് അഞ്ച് ടൺ ഭാരമുള്ള രണ്ട് പാളി ടെട്രാപോഡ് അടുക്കും. കരയിൽ നിന്ന് 20 മുതൽ 40 വരെ മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന പുലിമുട്ടുകളുടെ അടിഭാഗത്ത് 20 മുതൽ 32 മീറ്റർ വരെ വീതിയുണ്ടാവും.

പുലിമുട്ട് പ്രദേശങ്ങൾ

 കാട്ടൂർ മുതൽ ഓമനപ്പുഴ വരെ, കാക്കാഴം മുതൽ പുന്നപ്ര വരെ, പതിയാങ്കര, ആറാട്ടുപുഴ, വട്ടച്ചാൽ

 അനുവദിച്ച തുക: 184.04 കോടി

 നീളം: 13.30 കിലോമീറ്റർ

 പുലിമുട്ടുകൾ: 114

.............................

കടലാക്രമണത്തിന്റെ ശക്തി കണക്കിലെടുത്ത് അടുത്ത കാലവർഷത്തിന് മുമ്പ് അൻപത് ശതമാനം നിർമ്മാണം പൂർത്തീകരിക്കും. ടെട്രാ പോഡ് നിർമ്മിക്കാനുള്ള പ്‌ളാനും വേ ബ്രിഡ് ജിന്റെ നിർമ്മാണവും കല്ലിന്റെ ക്ഷാമവും പരിഹരിക്കാൻ കഴിഞ്ഞു. പത്ത് ശതമാനം ടെട്രാ പോഡുകളുടെ നിർമ്മാണം പൂർത്തിയായി

കെ.പി.ഹരൻബാബു, ഡെപ്യൂട്ടി ജനറൽ മാനേജർ,

കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷൻ