 
മാവേലിക്കര: കുംഭഭരണി മഹോത്സവത്തിന്റെ ഭാഗമായി വഴിപാട് ഭവനങ്ങളിൽ നടക്കുന്ന കുത്തിയോട്ട ചുവടും പാട്ടും പൊലിവോടെ ഇന്ന് സമാപിക്കും. ഇത്തവണ കൊവിഡിന്റെ ചെട്ടികുളങ്ങര കൈതതെക്ക് കരയിലും പന്തളത്തുമായി രണ്ടു കുത്തിയോട്ടങ്ങളാണ് ഉള്ളത്.
കുത്തിയോട്ടത്തിലെ പ്രധാന അനുഷ്ഠാനമാണ് പൊലിവ്. രേവതി നാളായ ഇന്ന് വഴിപാട് വീടുകളിലെ ദീപാരാധനയ്ക്കും ദേവസ്തുതിക്കും ശേഷം ഓട്ടുരുളി ചുവന്ന പട്ട് വിരിച്ച് പൊലിവുപാത്രമായി വെയ്ക്കും. പൊലിവ് പാട്ട് പാടുന്നതോടെ ഗൃഹനാഥൻ ഭഗവതിക്ക് പൊലിവ് സമർപ്പിക്കും. വസ്ത്രവും കാണിക്കയും മറ്റും ഉൾപ്പടെയാണ് പൊലിവ് സമർപ്പിക്കുന്നത്. തുടർന്ന് കരനാഥന്മാർ, ഗൃഹനാഥന്റെ ബന്ധുക്കൾ, സുഹൃത്തുക്കൾ, കരക്കാർ എന്നീ ക്രമത്തിൽ പൊലിവു സമർപ്പിക്കും. ചടങ്ങിന് ശേഷം കുത്തിയോട്ട ആശാൻ കുത്തിയോട്ട വീടുകളിൽ ഒരുക്കിയിട്ടുള്ള പ്രത്യേക ദേവീസ്ഥാനത്തിന് മുന്നിൽ മൂന്ന് തൂശനില വെച്ച് അതിൽ മൂന്ന് പിടിപ്പണം സമർപ്പിക്കും. ആദ്യത്തെ പിടിപ്പണം ചെട്ടികുളങ്ങര അമ്മയ്ക്കുള്ള വഴിപാടുകൾക്കാണ്. രണ്ടാമത് ദേശത്തെ മറ്റ് ക്ഷേത്രങ്ങളിലെ വഴിപാട് നടത്തുന്നതിനും മൂന്നാമത്തേത് ധർമ്മ ദൈവങ്ങൾക്കുള്ള വഴിപാടിനുമാണ്. ശേഷിക്കുന്ന പൊലിവിലെ മൂന്നിൽ ഒരു ഭാഗം കരക്കാർക്കും ഒരു ഭാഗം കുടുംബനാഥനും ബാക്കി കുത്തിയോട്ട ആശാന് സ്വന്തം നിലയിൽ വഴിപാട് നടത്താനും പരികർമ്മികൾക്ക് നൽകുന്നതിനുമാണെന്നതാണ് വ്യവസ്ഥ.
ചടങ്ങിൽ കൊവിഡ് മാനദണ്ഡങ്ങളുടെ പാലനവുമായി ബന്ധപ്പെട്ട് ചില മാറ്റങ്ങളുണ്ട്. നാളെ വിശ്രമ ദിനമാണ്. വ്യാഴാഴ്ച പുലർച്ചയോടെ, വഴിപാടുകാരുടെ വീട്ടിൽ നടന്ന കുത്തിയോട്ടങ്ങൾ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങും. ക്ഷേത്രത്തിനു ചുറ്റും വഴിപാടുകാരും കുത്തിയോട്ട ആശാന്മാരും കരക്കാരും അടങ്ങുന്ന പരിമിതമായ സംഘം വലംവച്ച് ക്ഷേത്ര ശ്രീകോവിലിന് മുന്നിൽ ചുവട് ചവുട്ടി കുത്തിയോട്ട വഴിപാട് ദേവിക്ക് സമർപ്പിക്കുന്നതോടെ ചടങ്ങുകൾ പൂർത്തിയാവും.