ചേർത്തല: കാർഷികമേഖലയ്ക്കും കയർ ഗ്രാമത്തിനും പ്രഥമ പരിഗണന നൽകി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ 43.71 കോടിയുടെ ബഡ്ജറ്റിന് അംഗീകാരം.

കാർഷിക വിളകൾക്കും കുടുംബശ്രീ സ്വാശ്രയ സംഘം ഉത്പന്നങ്ങൾക്കും കഞ്ഞിക്കുഴി ബ്രാൻഡ് രൂപകല്പനചെയ്ത് വിപണി സൃഷ്ടിക്കും. ദേശീയപാത കേന്ദ്രീകരിച്ച് ഒരേ തരത്തിലുളള വിപണന ശാലകൾ തുറക്കും. കയർ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ, തെങ്ങിന്റെ സംരക്ഷണവും തേങ്ങ സംഭരണവും കാര്യക്ഷമമാക്കി വെളിച്ചെണ്ണയടക്കമുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ഉത്പാദനവും ആരംഭിക്കുന്ന പദ്ധതി, ക്ഷീരമേഖലയിൽ സ്വയംപര്യാപ്തത, ആനിമൽ ഡേ കെയർ സെന്റർ, ദാരിദ്റ്യ നിർമ്മാർജ്ജന പദ്ധതിയായ തൊഴിലുറപ്പിൽ പുത്തൻ പദ്ധതികളിലൂടെ കൂടുതൽ തൊഴിൽ ദിനങ്ങൾ, പകൽവീടുകൾ ആധുനികവത്കരിച്ച് വയോജന സൗഹൃദ കേന്ദ്രങ്ങളാക്കൽ, സഞ്ചാര സൗഹൃദ റോഡുകൾ,പുത്തൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതികൾ, പാലിയേ​റ്റീവ് മേഖല ആധുനികവത്കരണം, വയോജനങ്ങൾക്കുള്ള ക്ഷേമപദ്ധതികൾ, റോഡുകളുടെ സൗന്ദര്യവത്കരണം, കാവലാൾ എന്ന പേരിൽ സുരക്ഷാ മേഖലയിൽ സി.സി.ടി.വി കാമറ സ്ഥാപിക്കൽ, പഠന സഹായ പദ്ധതികൾ, ചിൽഡ്രൻസ് പാർക്ക്, മിനി സ്​റ്റേഡിയം,കോളനികളുടെ നവീകരണം, കലാകാരന്മാരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്ന സൺഡേ പ്ളാറ്റ്‌ഫോംഎന്നിവയടങ്ങുന്ന ബഡ്ജറ്റാണ് വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ അവതരിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം വി.ഉത്തമൻ, സെക്രട്ടറി പി.ഗീതാകുമാരി, അസി. സെക്രട്ടറി എസ്.ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.