 
മാവേലിക്കര: ചെട്ടികുളങ്ങര കുംഭഭരണിയുടെ ഭാഗമായി കെട്ടുകാഴ്ചകൾ കാഴ്ചക്കണ്ടത്തിൽ ഇറങ്ങും.
ഇതു സംബന്ധിച്ച് ഇന്നലെ വൈകിട്ട് സർക്കാർ ഉത്തരവ് ഇറങ്ങിയതോടെ 13 കരകളുടെ ഏകീകൃത സംഘടനയായ ശ്രീദേവീവിലാസം ഹിന്ദുമതകൺവൻഷൻ ഒരു കുതിരയും ഒരു തേരും കെട്ടി ദേവിക്ക് സമർപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
അമ്പലത്തിൽ വെച്ച് എല്ലാ കരക്കാരും ചേർന്ന് ഈരേഴതെക്ക് കരയുടെ കുതിരയും ആഞ്ഞിലിപ്ര കരയുടെ തേരുമാണ് ഒരുക്കുന്നത്. കൺവൻഷന്റെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇന്നലെ വൈകിട്ട് 6.30ഓടെ രണ്ട് കെട്ടൊരുക്കുകളുടേയും ഉരുപ്പടികൾ ക്ഷേത്രാങ്കണത്തിൽ ഇറക്കി നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ കെട്ടുകാഴ്ച വരവ് ഉപേക്ഷിച്ചിരുന്നതാണ്. അതിനാൽ തിരുവോണ നാളിൽ കെട്ടുകാഴ്ച നിർമ്മാണത്തിനായി ഉരുപ്പടികൾ കുതിരപ്പുരയിൽ നിന്നു വെളിയിലെടുത്ത് ശുദ്ധിവരുത്തുന്ന ചടങ്ങുകൾ നടത്തിയിരുന്നില്ല. എന്നാൽ കുംഭഭരണി നാളിൽ കാഴ്ചക്കണ്ടത്തിൽ അണിനിരക്കുന്ന കെട്ടുകാഴ്ചകൾക്ക് മുന്നിൽ ദേവിയെ എഴുന്നള്ളിക്കുന്ന ചടങ്ങ് നടത്താതിരിക്കുന്നത് ദേവി ഹിതത്തിന് അനുയോജ്യമല്ലെന്ന് അറിവായതോടെയാണ് കെട്ടുകാഴ്ച നിർമ്മാണം നടത്തി കാഴ്ചക്കണ്ടത്തിൽ അണിനിരത്താൻ തീരുമാനിച്ചത്.
കരകളുടെ യോജിച്ചുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു കുതിരയും ഒരു തേരും എന്നതിലേക്കെത്തിയത്. കരകൂട്ടായ്മയാണ് നിർമ്മാണ പ്രവർത്തനം നടത്തുന്നത്. ക്ഷേത്രത്തിൽ തന്നെ ഒരുക്കുന്ന കെട്ടുകാഴ്ചകൾ കുംഭഭരണി നാളിൽ കാഴ്ചക്കണ്ടത്തിൽ ഇറക്കും. കെട്ടുകാഴ്ചകൾക്ക് മുന്നിൽ ദേവിയുടെ എഴുന്നള്ളത്തും നടത്തും. ഇതിന്റെ ഭാഗമായി കാഴ്ചക്കണ്ടം കഴിഞ്ഞ ദിവസം ഉഴുത് വൃത്തിയാക്കിയിരുന്നു.