തുറവൂർ: മതേതരത്വ കേരളത്തിൽ 10 വോട്ട് ലക്ഷ്യമാക്കി വർഗീയ ധ്രുവീകരണത്തിന് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് ഐശ്വര്യ കേരള യാത്രയ്ക്ക് തുറവൂരിൽ നൽകിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം.
ഉമ്മൻ ചാണ്ടിയും താനും കൂടി പാണക്കാട് തങ്ങളെ കാണാൻ പോയാൽ എന്ത് മതമൗലിക വാദമാണ് അതിലുണ്ടാകുന്നത്. മുസ്ലീങ്ങൾ എന്തോ അനാവശ്യമായി നേടുന്നു എന്ന് ധ്വനിയുയർത്തി ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മിലടിപ്പിക്കാനും വർഗീയ ലഹള ഇളക്കിവിടാനുമുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്.വാ തുറന്നാൽ വർഗീയത മാത്രം പറയുന്ന പാർട്ടി സെക്രട്ടറിയാണ് സി.പി.എമ്മിനുള്ളത്. മതേതര കേന്ദ്രമായ ശബരിമലയിൽ കലാപത്തിന് വഴിതെളിച്ചയാളാണ് മുഖ്യമന്ത്രി. ശബരിമലയിൽ യുവതീ പ്രവേശം നടത്തണമെന്ന വാശി പിണറായി വിജയനുണ്ടായിരുന്നു. നവോത്ഥാന നായകന്റെ കപടവേഷം മുഖ്യമന്ത്രി അഴിച്ചു കളയണം. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ നിയമനിർമ്മാണം നടത്തും. മുസ്ലിം - ക്രിസ്ത്യൻ വിഭാഗങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കും. എൽ.ഡി.എഫ് സർക്കാർ പിൻവാതിലിലൂടെ 3 ലക്ഷം പേരെ പൊതുമേഖലാ സ്ഥാപനങ്ങളിലടക്കം നിയമിച്ചു. അധികാരത്തിലെത്തിയാൽ അനധികൃത നിയമനങ്ങൾ യു.ഡി.എഫ് പുന:പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വീകരണ സമ്മേളനം എ.ഐ.സി.സി സെക്രട്ടറി പി.വിശ്വനാഥ പെരുമാൾ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർപേഴ്സൺ ഷാനിമോൾ ഉസ്മാൻ എം.എൽ.എ. അദ്ധ്യക്ഷയായി. എൻ.കെ.പ്രേമചന്ദ്രൻ എം.പി, പി.ടി.തോമസ് എം.എൽ.എ, വി.ഡി.സതീശൻ എം.എൽ.എ, എം.എം.ഹസൻ, ജോണി നെല്ലൂർ, ലതികാ സുഭാഷ്, കെ.ഉമേശൻ, ദിലീപ് കണ്ണാടൻ, അസീസ് പായിക്കാട് എന്നിവർ സംസാരിച്ചു.