ചേർത്തല: ഐശ്വര്യകേരള യാത്രയ്ക്ക് ചേർത്തലയിൽ ഉജ്ജ്വല വരവേല്പ്. സ്വീകരണ സമ്മേളനത്തിൽ എൽ.ഡി.എഫിനെ കടന്നാക്രമിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ബി.ജെ.പിയെ വെറുതെ വിട്ടത് ശ്രദ്ധേയമായി.

കൊവിഡ് കാലത്ത് കിറ്റ് നൽകിയ സഞ്ചിക്ക് പോലും കമ്മിഷൻ പറ്റിയ സർക്കാരാണ് പിണറായിയുടേത്. കയർ അടക്കമുള്ള പരമ്പരാഗത വ്യവസായങ്ങളെ പാടേ തകർത്ത എൽ.ഡി.എഫ് സർക്കാരിനു തൊഴിലാളികൾ തിരഞ്ഞെടുപ്പിൽ മറുപടി നൽകും. സർക്കാർ നടത്തിയ അനധികൃത നിയമനങ്ങൾ യു.ഡി.എഫ് ഭരണത്തിൽ വന്നാൽ പുനപരിശോധിക്കും. വാചകമടിയും വാഗ്ദാനങ്ങളും മാത്രം നൽകി സമൂഹത്തെ കൊള്ളയടിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്. പതിനായിരം രൂപ ദിവസക്കൂലി നൽകി 151 പേരെയാണ് കിഫ്ബിയിൽ സർക്കാർ താത്കാലികമായി നിയമിച്ചത്. സാധാരണക്കാരന് 6000 രൂപ മാസവരുമാനം പ്രഖ്യാപിക്കുന്ന ന്യായ് പദ്ധതി നടപ്പാക്കാൻ പണം എവിടെയെന്ന് ഐസക്ക് ആശങ്കപ്പെടേണ്ട.എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തെ മുഴുവൻ അഴിമതിയും യു.ഡി.എഫ് ഭരണത്തിലെത്തിയാൽ അന്വേഷിക്കും.വിശ്വാസി സമൂഹത്തെ ചവിട്ടി മെതിച്ച സർക്കാരാണ് പിണറായിയുടേത്.ഭരണത്തിലേറിയാൽ ആചാര സംരക്ഷണത്തിനായി നിയമം പാസാക്കുമെന്നും ചെന്നിത്തല പറഞ്ഞു. തുറന്ന ജീപ്പിൽ മുനിസിപ്പൽ മൈതാനിയലേക്കെത്തിയ ജാഥാ ക്യാപ്ടനെ പ്രവർത്തർ തോളിലേ​റ്റയാണ് വേദിയിലെത്തിച്ചത്.സമ്മേളനത്തിൽ യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ പി.വി. സുന്ദരൻ അദ്ധ്യക്ഷനായി. എൻ.കെ. പ്രേമചന്ദ്രൻ എം.പി,യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ,പാലോട് രവി, എം.ലിജു, ജോണിനെല്ലൂർ,അനൂപ്‌ ജേക്കബ്, അനിൽ ആന്റണി,യു.ഡി.എഫ് ജില്ലാ ചെയർമാൻ സി.കെ.ഷാജമോഹൻ,കെ.പി.സി.സി സെക്രട്ടറി എസ്.ശരത്, നിർവ്വാഹക സമിതിയംഗം കെ.ആർ.രാജേന്ദ്രപ്രസാദ്, ടി.സുബ്രഹ്മണ്യദാസ്,സിറിയക്ക് കാവിൽ,പി.ഉണ്ണിക്കൃഷ്ണൻ, വി.എൻ.അജയൻ, സി.ഡി.ശങ്കർ, ആർ.ശശിധരൻ,നവപുരം ശ്രീകുമാർ, സജികുര്യാക്കോസ്,സി.വി.തോമസ്,ഐസക്ക് മാടവന, സേവാദൾ ജില്ലാ ചെയർമാൻ കെ.എസ്.അഷറഫ് തുടങ്ങിയവർ പങ്കെടുത്തു.

 മുസ്ലീംലീഗ് വിട്ടു നിന്നു


ചേർത്തലയിൽ ഐശ്വര്യ കേരളയാത്രയ്ക്കു നൽകിയ സ്വീകരണത്തിൽ നിന്നു മുസ്ലീംലീഗ് വിട്ടുനിന്നു.തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ലീഗിനെ അവഗണച്ചതായി വിമർശനം ഉയർന്നിരുന്നു.ഇതിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ചാണ് വിട്ടുനിന്നതെന്ന് നിയോജക മണ്ഡലം ഭാരവാഹികൾ പറഞ്ഞു.ജില്ലാ നേതാക്കളും ചേർത്തലയിൽ നടന്ന യോഗത്തിൽ പങ്കെടുത്തിരുന്നില്ല.