
തുറവൂർ: ജന്മദിനവുമായി ബന്ധപ്പെട്ട ആഘോഷം നടക്കവേ വാക്കുതർക്കത്തിനിടയിൽ കുത്തേറ്റ യുവാവ് മരിച്ചു. പട്ടണക്കാട് പഞ്ചായത്ത് രണ്ടാം വാർഡിൽ പാറയിൽ പടിഞ്ഞാറേ അടിയാട്ട് നികർത്തിൽ വിക്രമൻ - പ്രമീള ദമ്പതികളുടെ ഏകമകൻ വിശ്വാസ് (വിച്ചു -26) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പട്ടണക്കാട് കൂരാപള്ളി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന വിഷ്ണുവിനെ (26) പട്ടണക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു.
പൊലീസ് പറയുന്നത്: ഞായറാഴ്ച രാത്രിയിൽ പട്ടണക്കാട് പാറയിൽ സതീശന്റെ വീട്ടിലായിരുന്നു സംഭവം. ആഘോഷത്തിനിടെ വിശ്വാസും വിഷ്ണുവും തമ്മിൽ വാക്കു തർക്കമുണ്ടായി. തുടർന്ന് വിഷ്ണു കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് വിശ്വാസിന്റെ വയറ്റിൽ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിശ്വാസിനെ ആദ്യം തുറവൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. വിഷ്ണുവിനെ നാട്ടുകാർ പിടികൂടി പട്ടണക്കാട് പൊലീസിന് കൈമാറി. അടിപിടി, കഞ്ചാവ് കേസുകളിലും പ്രതിയായിട്ടുള്ള ആളാണ് വിഷ്ണു. വിശ്വാസ് ടെമ്പോ ട്രാവലർ ഡ്രൈവറായിരുന്നു.