
കർഷകർക്ക് വൈക്കോലിന് ന്യായവില ലഭിക്കുന്നില്ല
ആലപ്പുഴ : ജില്ലയിൽ കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും വൈക്കോലിന് ന്യായമായ വില ലഭിക്കാത്തത് കർഷകരെ ദുരിതത്തിലാക്കുന്നു. കുട്ടനാട്ടിൽ ഭൂരിഭാഗം പാടങ്ങളിലും കൊയ്ത്ത് കഴിഞ്ഞെങ്കിലുംപാടശേഖരങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന വൈക്കോൽ കിട്ടിയ വിലയ്ക്ക് വിറ്റഴിക്കാൻ കർഷകർ നിർബന്ധിതരാകുന്നു.
കഴിഞ്ഞ വർഷം 180 മുതൽ വിലയുണ്ടായിരുന്ന ഒരു കെട്ട് വൈക്കോലിന് ഇക്കുറി കച്ചവടക്കാർ നൽകുന്നത് 90 മുതൽ 120 രൂപവരെയാണ്. യന്ത്രം ഇല്ലാതെ തൊഴിലാളികൾ കൊയ്തെടുത്ത കറ്റയ്ക്ക് 4 രൂപയും. കഴിഞ്ഞ തവണ 5 രൂപയായിരുന്നു കറ്റയുടെ വില. ആദ്യം കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലെ കർഷകർക്ക് 170 രൂപയോളം ലഭിച്ചിരുന്നു. കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് കൊയ്യാൻ തുടങ്ങിയതോടെ നീളത്തിൽ കച്ചി ലഭിക്കുന്നില്ല.
നെൽച്ചെടി യന്ത്രത്തിലൂടെ കയറിയിറങ്ങി വരുമ്പോഴേക്കും ഉപയോഗിക്കാൻ കഴിയാത്തതരത്തിലേക്ക് മാറും. വേനൽകടക്കുന്നതോടെ പച്ചപ്പുല്ലിന് ക്ഷാമം നേരിടുമ്പോൾ വൈക്കോലിന് ആവശ്യക്കാർ ഏറും. ഈ സമയത്ത് കൂടിയ വിലയ്ക്ക് വിൽക്കാനാണ് ഇടനിലക്കാർ ഇപ്പോൾ വിലയിടിക്കുന്നതെന്നാണ് കർഷകരുടെ ആരോപണം. കൃഷിയിലെ നഷ്ടം അൽപമെങ്കിലും നികത്താനുള്ള ആശ്രയമാണ് വൈക്കോൽ. യന്ത്രം ഉപയോഗിച്ചാണ് ഉരുളുകൾ ആക്കുന്നത്. ഒരു കെട്ടിന് 30 രൂപ എന്ന രീതിയിലാണ് ഇതിന്റെ ചെലവ്. 90 രൂപയ്ക്ക് വൈക്കോൽ വിറ്റാൽ കർഷകന് 60 രൂപ മാത്രമാണ് ലഭിക്കുക. സാധാരണ തമിഴ്നാട്ടിൽ നിന്ന് എത്തുന്ന സംഘങ്ങളാണ് വൈക്കോൽ മൊത്തമായി എടുത്തിരുന്നത്. അന്ന് നല്ല വിലയും കിട്ടിയിരുന്നു. ഇവരുടെ വരവ് കുറഞ്ഞതാണ് വില താഴാൻ കാരണം.
കർഷകർക്ക് നഷ്ടം
അടുത്തകൃഷിക്ക് മുമ്പ് നിലം ഒരുക്കണമെങ്കിൽ വൈക്കോൽ പാടശേഖരങ്ങളിൽ നിന്ന് നീക്കം ചെയ്യണം. ഈ സമയത്ത് ഇടനിലക്കാർ കർഷകരിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വൈക്കോൽ വാങ്ങും. ഇല്ലെങ്കിൽ നിലം ഒരുക്കുന്നതിന് വേണ്ടി പാടത്ത് വച്ച് വൈക്കോൽ കത്തിച്ച് കളയുകയും. ഈ സമയത്ത് വൈക്കോൽ ഇടനിലക്കാർക്ക് വെറുതേ കൊടുക്കുന്നതാണ് രീതി.
തമിഴ്നാട്ടിലേക്ക്
ജില്ലയിൽ കർഷകരിൽ നിന്ന് സൗജന്യമായും ചുളുവിലും വാങ്ങുന്ന വൈക്കോൽ നേരെ പോകുന്നത് തമിഴ്നാട്ടിലേക്കാണ്. അവിടെയുള്ളകന്നുകാലി ഫാമുകളിലേക്ക് വൈക്കോൽ എത്തും. ആലപ്പുഴയിൽ നിന്നുള്ള വൈക്കോലിനാണ് ഗുണനിലവാരം കൂടുതലെന്നാണ് ക്ഷീരകർഷകർ പറയുന്നത്.
......
'' വേണ്ടാതെ കത്തിച്ച് കളയുന്ന വൈക്കോൽ സംഭരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. നെല്ലിനൊപ്പം മികച്ച വിലയിൽ വിൽപ്പന നടത്താൻ സാധിക്കുന്ന ഒന്നാണ് വൈക്കോൽ.
(സുനിൽ,കപ്പുപ്പുറം പാടശേഖര സമിതി പ്രസിഡന്റ്)