pithrika

നഗരത്തിൽ ഉയരുന്നത് 21 മ്യൂസിയങ്ങൾ

ആലപ്പുഴ: പൈതൃക പദ്ധതിയുടെ ഭാഗമായി മ്യൂസിയങ്ങളുടെ നാടാകാൻ ആലപ്പുഴ ഒരുങ്ങുന്നു. വിവിധ മേഖലകളുമായി ബന്ധപ്പെട്ട തുറമുഖ, കയർ മ്യൂസിയങ്ങൾ അടക്കം 21 മ്യൂസിയങ്ങളാണ് പൈതൃക പദ്ധതിയിൽ ജില്ലയിൽ ഒരുങ്ങുന്നത്.

ഇതിന്റെ ഭാഗമായി സർക്കാർ ,സഹകരണ,സ്വകാര്യ മേഖലകളിലടക്കം 11 പഴയ കെട്ടിടങ്ങളാണ് പുനരുദ്ധരിക്കുന്നത്. 2018 ൽ പ്രഖ്യാപിച്ച പദ്ധതിയുടെ ആദ്യഘട്ടം നവംബറിൽ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചിരുന്നു. അഞ്ച് മ്യൂസിയങ്ങളുടെ ഉദ്ഘാടനം ഈ മാസം നടത്താനാണ് തീരുമാനം.

യാൺ മ്യൂസിയം, കയർ ഹിസ്റ്ററി മ്യൂസിയം, ഗാന്ധി മ്യൂസിയം,പോർട്ട് മ്യൂസിയം,ലിംവിംഗ് കയർ മ്യൂസിയം എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. ഒന്നാം ഘട്ട നിർമ്മാണത്തിന് 200 കോടിരൂപയാണ് ചെലവഴിക്കുന്നത്. സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റുകയോ അനുമതിയില്ലാതെ മാറ്റങ്ങൾ വരുത്തുകയോ പാടില്ലെന്ന കരാറിലാണ് പുതുക്കിപ്പണിയുന്നത്. കായൽ,കടൽ സൗന്ദര്യവും, ഹൗസ്‌ബോട്ട് യാത്രയും കഴിഞ്ഞാൽ കലവൂരിലെ കേന്ദ്ര കയർ മ്യൂസിയം, നഗരത്തിലെ സ്വകാര്യ മ്യൂസിയം, കായംകുളം കൃഷ്ണപുരം കൊട്ടാരത്തിലെ പുരാവസ്തു വകുപ്പിന്റെ മ്യൂസിയം, കരുമാടിയിലെ ബുദ്ധപ്രതിമയായ കരുമാടിക്കുട്ടൻ, അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രവും, മണ്ണാറശ്ശാല നാഗക്ഷേത്രവും, അർത്തുങ്കൽ സെൻറ് ആൻഡ്രൂസ് ബസിലിക്കയും മാത്രമാണ് സന്ദർശകരെ തൃപ്തിപ്പെടുത്തുവാനുള്ളത്. സാധാരണയായി സഞ്ചാരികളിൽ ഭൂരിഭാഗം പേരും ഒന്നോ രണ്ടോ ദിവസം മാത്രമാണ് തങ്ങുന്നത്. മ്യൂസിയങ്ങൾ എത്തുന്നതോടെ ടൂറിസം മേഖലയെ കൂടുതതൽ ഉണർവിലേക്ക് എത്തിക്കും.

കണ്ണുകൾക്ക് വിരുന്നാകും

കേരള സ്റ്റേറ്റ് കയർ കോർപറേഷനിലെ ലിവിംഗ് മ്യൂസിയത്തിൽ കയർ ഉത്പന്നങ്ങളുടെ നിർമാണം നേരിൽ മനസിലാക്കാൻ സാധിക്കും. എല്ലാത്തരം കയർ ഉത്പന്നങ്ങളും നിർമിക്കുന്ന തറികളും മ്യൂസിയത്തിലുണ്ടാകും. പ്രത്യേക കുമ്മായക്കൂട്ട് ഉപയോഗിച്ച് വെട്ടുകല്ലിൽ നിർമിച്ച ഭിത്തികളും തടിത്തൂണുകൾ ഉൾപ്പെടെയുള്ള പഴയ മരനിർമിതികളും ചേർന്ന കെട്ടിടങ്ങളുടെ സമുച്ചയമായ ന്യൂമോഡൽ സൊസൈറ്റി സന്ദർശകർക്ക് പ്രത്യേക അനുഭവമാകും. ആലപ്പുഴ നഗരത്തിലെ ഗതകാലസ്മരണകൾ ഉണർത്തുന്ന പഴയ ഗുജറാത്തി സ്ട്രീറ്റും പരിസര പ്രദേശങ്ങളും ചേർത്ത് 'ഡൗൺ ദ മെമ്മറി ലെയ്ൻ' എന്ന തെരുവ് കാഴ്ച വിനോദസഞ്ചാര സാദ്ധ്യത വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊമേഴ്‌സ്യൽ കനാലിന്റെ തീരത്തെ പഴയ മധുര കമ്പനിയുടെ നാശോന്മുഖമായ ഗോഡൗൺ കയർഫെഡിൽനിന്ന് ഏറ്റെടുത്താണ് ഗാന്ധിമ്യൂസിയമാക്കുന്നത്.ഇതിൽ ഏറ്റവും ബൃഹത്തായത് തുറമുഖ മ്യൂസിയമാണ്. തുറമുഖ മ്യൂസിയത്തിന്റെ ഭാഗമായി കടൽപ്പാലം നവീകരിക്കും.തുറമുഖ മ്യൂസിയത്തിന്റെ ഭാഗമായി ആലപ്പുഴയിൽ വന്നിരുന്ന കപ്പലുകളുടെ മാതൃകകൾ പ്രദർശിപ്പിക്കും. അറബി ഉരുകൾ, പോർച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ് പായ്ക്കപ്പലുകൾ തുടങ്ങിയവയുടെയെല്ലാം മാതൃകകൾ ഇവിടെ സ്ഥാപിക്കും.ആലപ്പുഴയിൽ ഉപയോഗത്തിലിരുന്ന എല്ലാത്തരം മത്സ്യബന്ധന യാനങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും പ്രദർശിപ്പിക്കും. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട മറ്റൊരു മ്യൂസിയവും പൈതൃക പദ്ധതിയിലുണ്ട്.

പ്രധാന മ്യൂസിയങ്ങൾ

 പഴയ ഡാറാസ്‌മെയിൽ കമ്പനിയുടെ കെട്ടിടത്തിൽ ചകിരി, കയർ മ്യൂസിയം
 വോൾകാർട്ട് ബ്രദേഴ്‌സിലെ കയർ വ്യവസായ ചരിത്ര മ്യൂസിയം. ആലപ്പുഴയിലെ തൊഴിലാളി സംഘടനകളുടെ ചരിത്രവും ഇതിൽ ഉൾപ്പെടുത്തും.
 ബോംബെ കമ്പനിയിൽ കയർ സാങ്കേതിക വിദ്യയുടെ പരിണാമത്തെക്കുറിച്ചുള്ള മ്യൂസിയം. ഈ മൂന്നു മ്യൂസിയവും ഒരു സമുച്ചയമായി പ്രവർത്തിക്കും.
 തോമസ് നോർട്ടൺ മ്യൂസിയം
 എസ്ഡിവി സ്‌കൂളിലെ വിദ്യാഭ്യാസ മ്യൂസിയം
 കൊട്ടാരം ആശുപത്രിയിലെ ആരോഗ്യ മ്യൂസിയം
 വില്യം ഗുഡേക്കർ - കെ.സി.കരുണാകരൻ മ്യൂസിയം
 സ്‌പൈസസ് മ്യൂസിയം
 കുടകളുടെ മ്യൂസിയം
 ഗാന്ധി മ്യൂസിയം
 ഗുജറാത്തി വ്യാപാര ചരിത്ര മ്യൂസിയം
 എ.എൻ പുരത്ത് ഗൗഡസാരസ്വത മ്യൂസിയം
 മനോന്മണീയം സുന്ദരൻപിള്ള മ്യൂസിയം
 ആലപ്പുഴ ശുചിത്വ നഗര മ്യൂസിയം
 കന്നിട്ട മിൽ മ്യൂസിയം
 ബോട്ട് മ്യൂസിയം
 ആലപ്പുഴ നഗരസഭ ചരിത്ര മ്യൂസിയം
 കിടങ്ങാംപറമ്പിൽ നവോത്ഥാന മ്യൂസിയം
 മഖാം മസ്ജിദിൽ പ്രദർശന ഹാൾ
 പഴയ ഗുജറാത്തി തെരുവും പരിസരങ്ങളും ചേർത്ത് ഡൗൺ ദ് മെമ്മറി ലെയ്ൻ

'' അഞ്ച് മ്യൂസിയങ്ങൾ ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. ആദ്യ ടെൻഡർ നടന്നില്ല. റീടെൻഡറിന് വിളിച്ചിട്ടുണ്ട് . നടപടികൾ ഉടൻ പൂർത്തീകരിച്ച് ഉടൻ മ്യൂസിയങ്ങൾ തുറന്ന് നൽകും.

(പി.എം.നൗഷാദ്,പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ)