ആലപ്പുഴ : കയർവ്യവസായത്തെ സംരക്ഷിക്കുന്ന നവീകരണ പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് മന്ത്രി ഡോ. ടി.എം.തോമസ് ഐസക് പറഞ്ഞു. ഒരാഴ്ച നീണ്ടു നൽക്കുന്ന വെർച്ച്വൽ കയർമേളയുടെ ഉദ്ഘാടന യോഗത്തിൽ അദ്ധ്യക്ഷത അഹിക്കുകയായിരുന്നു അദ്ദേഹം. വെർച്ച്വൽകയർമേള എന്തിന് നടത്തുന്നു എന്ന് ചോദിച്ചവരുണ്ട്. കൊവിഡിന് ശേഷം യൂറോപ്പ്, അമേരിക്കൻ രാജ്യങ്ങളിൽ വ്യവസായ ശാലകളും ഇതരസ്ഥാപനങ്ങളും തുറക്കാൻ തുടങ്ങിയതോടെ ഉപയോഗിച്ചിരുന്ന ചവട്ടികൾ ഒഴിവാക്കി പുതിയത് വാങ്ങുന്നുണ്ട്. മേളയിലൂടെഇത്തരം പുതിയ വിപണി കണ്ടെത്തുകയാണ് ലക്ഷ്യം.

പി.എം.ജി.എസ്.വൈ. റോഡ് നിർമാണത്തിന് 10 ശതമാനം കയർ ഉത്പന്നം ഉപയോഗിക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഉറപ്പുനൽകിയിട്ടുണ്ട്. റോഡ് സംരക്ഷണത്തിനായി കയർ ഉത്പന്നം നൽകുന്നതിനൊപ്പം ഇവ സ്ഥാപിക്കുന്ന സാങ്കേതികവിജ്ഞാനവും നൽകണം. കയർ മേളയിലൂടെ ഉത്പന്നങ്ങൾ ഓർഡർ ചെയ്യുന്നവർക്ക് 20 ശതമാനം സബ്സിഡി നൽകും. ചകിരിയുത്പാദനത്തിനായി 400 പുതിയ മില്ലുകൾ സ്ഥാപിക്കും. കയർമേഖലയിൽ ജോലി ചെയ്യുന്നവരുടെ വാർഷിക വരുമാനം 2015-16ൽ 13,000 രൂപയായിൽ നിന്ന് 60,000 മുതൽ 70,000 രൂപയായി ഉയർന്നു. ഭാവിയിൽ ഒരു ലക്ഷമായി മാറുമെന്നും തോമസ് ഐസക് പറഞ്ഞു.

പവലിയന്റെ ഉദ്ഘാടനം അഡ്വ. എ.എം. ആരിഫ് എം.പി. നിർവഹിച്ചു. കയർ അപ്പക്സ് ബോഡി വൈസ് ചെയർമാൻ ആനത്തലവട്ടം ആനന്ദൻ മുഖ്യപ്രഭാഷണം നടത്തി. കയർ വികസന ഡയറക്ടർ വി.ആർ.വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, കയർകോർപറേഷൻ ചെയർമാൻ ടി.കെ.ദേവകുമാർ, ജനപ്രതിനിധികളായ കെ.ഡി.മഹേന്ദ്രൻ, ജി.ബിജുമോൻ, അഡ്വ. ആർ.റിയാസ്, പി.പി.സംഗീത, ഇന്ദിരതിലകൻ, കയർബോർഡ് സെക്രട്ടറി കുമാരരാജ, കയർ വകുപ്പ് മുൻ സ്പെഷൽ സെക്രട്ടറി എൻ.പത്മകുമാർ, കെ.എസ്.സി.എം.എം.സി. ചെയർമാൻ അഡ്വ. കെ.പ്രസാദ്, ഫോംമാറ്റിംഗ്സ് ചെയർമാൻ അഡ്വ. കെ.ആർ.ഭഗീരഥൻ, കയർതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ.ഗണേശൻ, കയർഫെഡ് പ്രസിഡന്റ് അഡ്വ. എൻ.സായികുമാർ, കെ.എൽ.ഡി.സി. ചെയർമാൻ പി.വി.സത്യനേശൻ, കെ.എസ്.സി.സി.സി. എം.ഡി. ജി. ശ്രീകുമാർ, എൻ.സി.ആർ.എം.ഐ. ഡയറക്ടർ ഡോ. കെ.ആർ.അനിൽ എന്നിവർ പങ്കെടുത്തു.