
ആലപ്പുഴ: കേരള ബാങ്കിലെ 1850 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഹൈക്കോടതി തടഞ്ഞത് സർക്കാരിനേറ്റ പ്രഹരമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പത്രസമ്മേളനത്തിൽ പറഞ്ഞു. എല്ലാ അനധികൃത നിയമനങ്ങളും സ്റ്റേ ചെയ്യപ്പെടണം. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ കേരള ബാങ്ക് പിരിച്ചുവിടും.
പി.എസ്.സി റാങ്ക്‌ലിസ്റ്റ് സമരം ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. മുട്ടുകാലിൽ നിന്ന് യാചിച്ചിട്ടു പോലും മുഖ്യമന്ത്രിയുടെ മനസലിയുന്നില്ലെങ്കിൽ ധാർഷ്ട്യമാണ് വ്യക്തമാകുന്നത്. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ ക്രിമിനൽ കേസെടുക്കുന്ന നിയമനിർമ്മാണം കൊണ്ടുവരും.
ബംഗാളിൽ പിൻവാതിൽ നിയമനത്തിനെതിരെ ബന്ത് അടക്കം സമരം ചെയ്യുന്ന സി.പി.എം കേരളത്തിൽ അത് നടപ്പിലാക്കുകയാണ്. ഡി.വൈ.എഫ്.ഐ സർക്കാർ വിലാസം സംഘടനയായി തരംതാണു. സർക്കാർ കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ഒരു പൈസയും ചെലവഴിച്ചില്ല. കയർവ്യവസായത്തെ മന്ത്രി ഡോ. തോമസ് ഐസക് മ്യൂസിയത്തിലാക്കി. ഘടകകക്ഷികളുമായുള്ള സീറ്റുചർച്ച 75 ശതമാനം പൂർത്തിയായി. മാണി സി. കാപ്പന്റെ വരവുമായി ബന്ധപ്പെട്ട തുടർനടപടികൾ യു.ഡി.എഫ് ചേർന്ന് തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.