
ആലപ്പുഴ: ടാങ്കർ ലോറി ഇടിച്ച കാറിലെ യാത്രക്കാരായ അമ്മയ്ക്കും മകൾക്കും ഡ്രൈവർക്കും രക്ഷകരായത് പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്ത് മടങ്ങിയ സിവിൽ ഡിഫൻസ് വോളണ്ടിയർമാർ. മുതുകുളം ശ്രീപാദം വീട്ടിൽ ജയലത(50), മകൾ ലക്ഷ്മി പ്രീയ(22), കാർഡ്രൈവർ മുതുകുളം പാണ്ഡവർകാവ് സ്വദേശി സജിത്ത്(27) എന്നിവർക്കാണ് പരിക്കേറ്റത്.
ഫയർഫോഴ്സിന്റെ തകഴി യൂണിറ്റിൽ പരിശീലനം പൂർത്തീകരിച്ച 26 അംഗ സംഘമാണ് രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടത്. ആലുവ കുട്ടമശ്ശേരിയിൽ ഇന്നലെ 1.30ന് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നടത്തിയ പരീക്ഷയിൽ പങ്കെടുക്കാൻ അമ്മയോടൊപ്പം ലക്ഷ്മിപ്രിയ പോകുമ്പോഴാണ് ഇന്നലെ രാവിലെ 10.30ഓടെ ദേശീയപാതയിൽ പൂങ്കാവ് ജംഗ്ഷന് തെക്ക് ഇവർ സഞ്ചരിച്ച കാർ എതിരെ വന്ന ടാങ്കർലോറിയുമായി കൂട്ടി ഇടിച്ചത്.
ടാങ്കർ ലോറി പെട്ടെന്ന് വെട്ടിത്തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് കാറിൽ തട്ടുകയായിരുന്നു. മുൻ നിരയിലുണ്ടായിരുന്ന ജയലത, ഡ്രൈവർ സജിത്ത് എന്നിവർ കാലുകൾക്ക് പരിക്കേറ്റ നിലയിൽ കാറിനുള്ളിൽ കുടുങ്ങി. പാസിംഗ് ഔട്ട് പരേഡ് കഴിഞ്ഞ് മടങ്ങിയ സിവിൽ ഡിഫൻസ് വോളണ്ടിയർമാർ സഞ്ചരിച്ച വാഹനം അപകടത്തെ തുടർന്നുണ്ടായ ബ്ളോക്കിൽപ്പെട്ടു.
തുടർന്ന് സംഘാംഗങ്ങളെത്തി കാറിൽ കുടുങ്ങിയവരെ പുറത്ത് എടുത്തു. സംഘത്തിലെ പ്രദീപ് കുമാറിന്റെ വാഹനത്തിൽ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ലക്ഷ്മി പ്രീയ മറ്റൊരു കാറിൽ ആലുവായിലേക്ക് പോയതായി ഫയർഫോഴ്സ് പറഞ്ഞു.