അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് മന്ത്രി കെ.കെ.ശൈലജ നിർവഹിക്കും. മന്ത്രി ജി.സുധാകരൻ അദ്ധ്യക്ഷത വഹിക്കും. 2.54 കോടി രൂപ ചെലവഴിച്ച് സ്ഥാപിച്ച 16 സ്ളൈസ് മോഡൽ സി.ടി.സ്കാനർ, 38 ലക്ഷം രൂപയുടെ നെഗറ്റീവ് പ്രഷർ ഓപ്പറേഷൻ തീയറ്റർ സംവിധാനം, കൊവിഡ് 19 പരിശോധനക്കുള്ള ട്രൂ നാറ്റ് ആർ.ടി.പി.സി.ആർ മോളിക്കുലർ ലാബ് (71 ലക്ഷം), കേരള സർക്കാരിന്റെ ആരോഗ്യരംഗത്തെ സ്വപ്ന പദ്ധതിയായ ഇ-ഹെൽത്ത് പദ്ധതി (1.63 കോടി), പാരാമെഡിക്കൽ വിദ്യാർത്ഥികൾക്കായുള്ള ലക്ചർ ഹാൾ, അംഗ പരിമിതർക്കായുള്ള പ്രത്യേക റാമ്പ് സൗകര്യം എന്നിവയാണ് നാടിന് സമർപ്പിക്കുന്നത്.ഇതിനു പുറമേ, ആലപ്പുഴയിൽ ആദ്യമായി ന്യൂറോ മെഡിസിൻ വിഭാഗത്തിന് കീഴിലായി കോമ്പ്രി ഹെൻസീവ് സ്ട്രോക്ക് യൂണിറ്റ്, ക്യാൻസർ ചികിത്സ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഓങ്കോളജി ബ്ലോക്ക് എന്നിവയുടെ ശിലാസ്ഥാപനവും നടത്തും. അഡ്വ.എ.എം.ആരിഫ് എം.പി മുഖ്യ പ്രഭാഷണം നടത്തും.ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, ഡോ.രത്തൻ ഖേൽക്കർ , ജില്ലകളക്ടർ എ.അലക്സാണ്ടർ ,മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.എ.റംല ബീവി, അഡ്വ.ഷീബ രാകേഷ്, എസ്.ഹാരീസ്, വി.ഐ.നസീം തുടങ്ങിയവർ സംസാരിക്കും. പ്രിൻസിപ്പൽ ഡോ. എം.ടി.വിജയലക്ഷ്മി സ്വാഗതവും സൂപ്രണ്ട് ഡോ.ആർ.വി.രാംലാൽ നന്ദിയും പറയും.