
ആലപ്പുഴ: കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് അവബോധം സൃഷ്ടിക്കുന്നതിനും രോഗവ്യാപനത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ലഭ്യമാക്കുന്നതിനുമായുള്ള പുതിയ മൊബൈൽ ആപ്പ് മെഡിക്കൽ കോളേജും കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്ട്‌മെന്റും ചേർന്ന് അവതരിപ്പിച്ചു. 'കോവിഡ് നഗ്ഗെറ്റ്‌സ്' എന്ന് പേരിട്ടിരിക്കുന്ന ആപ്പിൽ കൊവിഡിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാവും. കൊവിഡ് പ്രതിരോധ തീവ്രയത്‌ന പരിപാടി കരുതാം ആലപ്പുഴയുടെ ഭാഗമായാണ് ആപ്ലിക്കേഷൻ തയ്യാറാക്കിയത്. ആപ്പിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ എ.അലക്‌സാണ്ടർ നിർവഹിച്ചു.
വൈറസിന്റെ വ്യാപനം കുറയ്ക്കാൻ ലക്ഷ്യമിട്ട് വിവിധ സംശയങ്ങൾക്കുള്ള ചോദ്യോത്തരങ്ങൾ ഈ ആപ്പ് വഴി ലഭ്യമാക്കുന്നുണ്ട്. അപ്ലിക്കേഷനിൽ കൊവിഡിന്റെ ചരിത്രവും പകരുന്ന മാർഗങ്ങളും, എസ്.എം.എസ് എന്ന പ്രതിരോധ മന്ത്രം, മാസ്‌ക് എന്ന വാക്‌സിൻ, കൊവിഡിന്റെ വ്യാപന ഘടങ്ങൾ റിവേഴ്‌സ് ക്വാറന്റൈൻ, ഹോം ഐസൊലേഷൻ, കൊവിഡ് സത്യവും മിഥ്യയും തുടങ്ങി പൊതു ജനങ്ങൾക്കും സ്‌കൂൾ കുട്ടികൾക്കും കൊറോണ വൈറസിനെ സംബന്ധിച്ചു ഉണ്ടാകാവുന്ന എല്ലാ സംശയങ്ങളും ഈ ആപ്പിൽ ഉൾകൊള്ളിച്ചിട്ടുണ്ട്. ചടങ്ങിൽ സബ്കളക്ടർ എസ്.ഇലക്യ, ജില്ലാ മാസ് മീഡിയ ഓഫീസർ സുജ.പി.എസ്,ആലപ്പുഴ മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. സൈറു ഫിലിപ്പ് എന്നിവർ സന്നിഹിതരായി. apkpure.com എന്ന സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം. നിശ്ചിത ലിങ്ക് ഉപയോഗിച്ചോ ക്യൂ.ആർ.കോഡ് സ്‌കാൻ ചെയ്‌തോ ആപ്പ് ഉപയോഗിക്കാം.