 
മാവേലിക്കര: ഓണാട്ടുകരയുടെ ദേശീയ ഉത്സവമായ ചെട്ടികുളങ്ങര കുംഭഭരണി നാളെ. കെട്ടുകാഴ്ചകൾ ദേവിയുടെ തിരുസന്നിധിയിൽ ഒരുങ്ങിത്തുടങ്ങി. കരകൂട്ടായ്മക്ക് പേരുകേട്ട കെട്ടൊരുക്കുകൾ ഈ വർഷം യഥാർത്ഥ കരകൂട്ടായ്മയിലാണ് ഒരുങ്ങുന്നത്. 13 കരകളിലായി ഒരുങ്ങിയിരുന്ന കെട്ടുകാഴ്ചകൾ കോവിഡ് പശ്ചാത്തലത്തിൽ രണ്ടെണ്ണമായി ചുരുക്കി നടത്തുന്ന ഉത്സവത്തിന് 13 കരക്കൂട്ടായ്മയും ചേർന്നാണ് കെട്ടുകാഴ്ചകൾ നിർമ്മിക്കുന്നത്.
ഈരേഴ തെക്കിന്റെ കെട്ടുകാഴ്ചയായ കുതിരയുടെയും ആഞ്ഞിലിപ്രയുടെ തേരിന്റെയും നിർമ്മാണമാണ് അമ്മയുടെ തിരുസന്നിധിയിൽ നടക്കുന്നത്. ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കപ്പെട്ട എണ്ണം ആളുകൾ മാത്രമാണ് ഇത്തവണ കെട്ടുകാഴ്ച നിർമ്മാണത്തിൽ സജീവമായിരിക്കുന്നത്. കുംഭഭരണിക്കായി നിമിഷങ്ങൾ മാത്രം അവശേഷിക്കെ രാപകൽ വിത്യാസമില്ലാതെയാണ് ചെട്ടികുളങ്ങര ദേവീക്ഷേത്ര സന്നിധിയിൽ കെട്ടൊരുക്കുകളുടെ ഒരുക്കങ്ങൾ പൂർത്തിയാകുന്നത്. ഇന്നലെ ഇടക്കൂടാരത്തിന്റെ ഇല്ലിതട്ട് കയറുപാകുന്ന ജോലി വരെ പൂർത്തിയായി. കുതിരയുടെ വണ്ടിക്കൂട്ടിൽ കതിരുകാൽ കയറ്റി. മേൽക്കൂടാരത്തിന്റെ ആദ്യഘട്ട നിർമ്മാണവും നടക്കുന്നുണ്ട്. ചെട്ടികുളങ്ങര ദേവീ ക്ഷേത്രവുമായി ബന്ധപ്പെട്ട 13 കരകളുടെയും ഏകീകൃത സംഘടനയായ ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷന്റെ നേതൃത്വത്തിലാണ് നിർമ്മാണം.
രണ്ട് കുത്തിയോട്ട ഭവനങ്ങളിലും ഇന്നലെ കുത്തിയോട്ടത്തിലെ പ്രധാന അനുഷ്ഠാനമായ പൊലിവ് നടന്നു. ദീപാരാധനയ്ക്കും ദേവസ്തുതിക്കും ശേഷം ഓട്ടുരുളി ചുവന്ന പട്ട് വിരിച്ച് പൊലിവുപാത്രം വെച്ചു. പൊലിവ് പാട്ട് പാടിയതോടെ ഗൃഹനാഥൻ ഭഗവതിക്ക് പൊലിവ് സമർപ്പിച്ചു. തുടർന്ന് കരനാഥന്മാർ, ഗൃഹനാഥന്റെ ബന്ധുക്കൾ, സുഹൃത്തുക്കൾ, കരക്കാർ എന്നീ ക്രമത്തിൽ പൊലിവ് സമർപ്പിച്ചു. തുടർന്ന് കുത്തിയോട്ട ആശാൻ ദേവീസ്ഥാനത്തിന് മുന്നിൽ മൂന്ന് തൂശനില വെച്ച് അതിൽ മൂന്ന് പിടിപ്പണം സമർപ്പിച്ചു. ആദ്യത്തെ പിടിപ്പണം ചെട്ടികുളങ്ങര അമ്മയ്ക്കുള്ള വഴിപാടുകൾക്കാണ്. രണ്ടാമത് ദേശത്തെ മറ്റ് ക്ഷേത്രങ്ങളിലെ വഴിപാട് നടത്തുന്നതിനും മൂന്നാമത്തേത് ധർമ്മ ദൈവങ്ങൾക്കുള്ള വഴിപാടിനുമാണ്. ശേഷിക്കുന്ന പൊലിവിലെ മൂന്നിൽ ഒരു ഭാഗം കരക്കാർക്കും ഒരു ഭാഗം കുടുംബനാഥനും ബാക്കി കുത്തിയോട്ട ആശാന് സ്വന്തം നിലയിൽ വഴിപാട് നടത്താനും പരികർമ്മികൾക്ക് നൽകുന്നതിനുമായി മാറ്റി.
ഇന്ന് കുത്തിയോട്ട ഭവനങ്ങളിൽ വിശ്രമ ദിവസമാണ്. വൈകിട്ട് കുത്തിയോട്ട കുട്ടികളുടെ കോതുവെട്ട് ചടങ്ങ് നടക്കും. നാളെ പ്രഭാതത്തിൽ വീടുകളിൽ നിന്ന് പുറപ്പെടുന്ന കുത്തിയോട്ടങ്ങൾ ക്ഷേത്രത്തിൽ എത്തി വലംവച്ച് തിരുനടയിൽ സമർപ്പിക്കും.