
ചേർത്തല: ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ അഗ്നിരക്ഷാ സേനയോട് സഹകരിച്ച് പ്രവർത്തിക്കാൻ ഇനി സിവിൽ ഡിഫൻസ് വോളണ്ടിയർമാരും. ഹരിപ്പാട്,കായംകുളം,മാവേലിക്കര, ആലപ്പുഴ, ചേർത്തല, അരൂർ, തകഴി, ചെങ്ങന്നൂർ എന്നീ അഗ്‌നിരക്ഷ നിലയങ്ങളിൽ പരിശീലനം പൂർത്തിയാക്കിയ 32 വനിതകളുടെയും 140 പുരുഷൻമാരുമാരുടെയും പാസിംഗ് ഔട്ട് പരേഡ് കഴിഞ്ഞ ദിവസം ചേർത്തല അഗ്നിരക്ഷാനിലയത്തിൽ നടന്നു. കേന്ദ്ര സിവിൽ ഡിഫൻസ് നിയമത്തിന്റെ എല്ലാ പരിരക്ഷയും ഇവർക്കു ലഭിക്കും.
വാഹനാപകടം,വെള്ളപ്പൊക്കം, അഗ്നിബാധ, പ്രകൃതി ദുരന്തം തുടങ്ങിയവയിൽ അടിയന്തര രക്ഷാപ്രവർത്തനത്തിന് ഇവർക്ക് അനുവാദമുണ്ട്. ഇതിനായി വിവിധ കേന്ദ്രങ്ങളിലായി 18 ദിവസത്തെ പ്രത്യേക പരിശീലനം ഇവർക്ക് നൽകി. യൂണിഫോം, ഐഡന്റിറ്റി കാർഡ്, അത്യാവശ്യ ഉപകരണങ്ങൾ തുടങ്ങിയവയും സർക്കാർ നൽകും. അതത് സ്റ്റേഷൻ പരിധിയിലായിരിക്കും ഇവരുടെ പ്രവർത്തനം. അത്യാവശ്യ സമയത്ത് മറ്റു സ്ഥലത്തും പ്രവർത്തിക്കാം. വിവിധ മേഖലയിൽ ജോലി ചെയ്യുന്നവർ സംഘത്തിലുണ്ട്. ആവശ്യ സമയത്ത് മാത്രം ഇവർ സ്ഥലത്ത് എത്തിയാൽ മതിയാകും. പ്രാദേശികമായി ഒരു പ്രശ്നം ഉണ്ടായാൽ
അഗ്നിരക്ഷാസേന എത്തുന്നതിനു മുമ്പേ ഇവർക്ക് പ്രവർത്തനം തുടങ്ങാമെന്നതാണ് പ്രത്യേകത. പ്രാദേശിക ഭരണകൂടത്തിന്റെ പിന്തുണയും ഇവർക്കുണ്ടാകും.