ramesh-pisharadi

ഹരിപ്പാട്: കേരളത്തിന്റെ ആവശ്യമാണ് കോൺഗ്രസിന്റെ വിജയമെന്നും, പൂർണ്ണ മനസോടെ ഈ പ്രസ്ഥാനത്തോടൊപ്പം താനും ഉണ്ടാകുമെന്നും ചലച്ചിത്ര-ഹാസ്യ താരം രമേഷ് പിഷാരടി പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര ഹരിപ്പാടെത്തിയപ്പോഴാണ് രമേഷ് പിഷാരടിയുടെ വെളിപ്പെടുത്തൽ . വേദിയിലെത്തിയ പിഷാരടിയെ രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, യു.ഡി.എഫ് കൺവീനർ എം.എം ഹസൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.

' ഇതു വരെ നിഷ്പക്ഷമെന്ന് പറയുന്ന വിഭാഗത്തിലായിരുന്നു ഞാൻ. എന്നാൽ എനിക്കെന്ന ചിന്ത മാറി മറ്റുള്ളവർക്ക് വേണ്ടി എന്ത് ചെയ്യാൻ കഴിയുമെന്ന ചിന്തയിൽ നിന്നാണ് ,ഒറ്റയ്ക്ക് ചെയ്യാൻ കഴിയുന്നതിൽ എത്രയോ കൂടുതൽ ഈ പാർട്ടിയോടൊപ്പം നിന്നാൽ ചെയ്യാൻ കഴിയുമെന്ന തോന്നലുണ്ടായത്. . കോൺഗ്രസ് ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനമാണ്.. ഏറ്റവും കൂടുതൽ നല്ല നേതാക്കന്മാരുള്ള പ്രസ്ഥാനം. തിരഞ്ഞെടുപ്പിൽ ഇത്തവണ മത്സരിക്കില്ല, സുഹൃത്ത് ധർമ്മജന് കോൺഗ്രസ് സീറ്റ് നൽകിയാൽ അദ്ദേഹത്തിന് വേണ്ടി മുഴുവൻ സമയവും പ്രവർത്തിക്കും' പിഷാരടി പറഞ്ഞു. പ്രവർത്തകരുടെ അഭ്യർത്ഥന പ്രകാരം, ഉമ്മൻ ചാണ്ടിയുടെ ശബ്ദം അനുകരിച്ച ശേഷമാണ് പ്രസംഗം അവസാനിപ്പിച്ചത്.