പ്രഖ്യാപനങ്ങൾ ആവർത്തനമെന്ന്

പ്രതിപക്ഷ ആക്ഷേപം

ആലപ്പുഴ: ശുചിത്വത്തിനും മാലിന്യ സംസ്ക്കരണത്തിനും ഊന്നൽ നൽകി “അഴകോടെ ആലപ്പുഴ” പദ്ധതിയുമായി നഗരസഭ. പുതിയ നഗരസഭാ ഭരണസമിതിയുടെ കന്നി ബഡ്ജറ്റിലാണ് പദ്ധതി പ്രഖ്യാപനം. നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളും വിനോദ സഞ്ചാര ഇടങ്ങളും സൗന്ദര്യവത്കരിക്കുകയാണ് ലക്ഷ്യം. ഇതിന്റെ പ്രാഥമിക ചെലവുകൾക്കായി 10 ലക്ഷം രൂപയും ബഡ്ജറ്റ് വകയിരുത്തി. വീടുകളിൽ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് വായനശാലകൾ കേന്ദ്രീകരിച്ച് പഠനവീട് സജ്ജമാക്കാൻ 10 ലക്ഷം രൂപ വകയിരുത്തി. ആലപ്പുഴ നഗരസഭയുടെ പുതുക്കിയ ബഡ്ജറ്റും 2021-2022 വർഷത്തേക്കുള്ള ബഡ്ജറ്റ് എസ്റ്റിമേറ്റും വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ അവതരിപ്പിച്ചു. 288.45 കോടിരൂപ വരവും 285.01 കോടി രൂപ ചെലവും 3.43 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്. ചെയർപേഴ്സൺ സൗമ്യരാജ് അദ്ധ്യക്ഷയായി. അമൃത് പദ്ധതിക്കായി തുക വകയിരുത്തിയ കെ.സി.വേണുഗോപാൽ എം.പിയുടെ പേര് പരാമർശിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ബഡ്ജറ്റ് അവതരണത്തിന് ശേഷം ഇറങ്ങിപ്പോയി. പ്രതിപക്ഷനേതാവ് ഇല്ലിക്കൽ കുഞ്ഞുമോൻ, എം.ആർ.പ്രേം, ഡി.പി. മധു, അഡ്വ.റീഗോ രാജു, മനു ഉപേന്ദ്രൻ, ബി.മെഹബൂബ്, നസീർ പുന്നയ്ക്കൽ, എൽജിൻ റിച്ചാർഡ് തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു സംസാരിച്ചു.

വർക്ക് നിയർ ഹോം

നഗരത്തിനുള്ളിൽ പരമാവധി സംവിധാനങ്ങളോടെ ഡിജിറ്റൽ ജോലികൾ ചെയ്യാനുള്ള സംവിധാനം. ഡ‌ിജിറ്റൽ ഉപകരണങ്ങൾ വാങ്ങുന്നതിന് വായ്പയും സബ്സിഡിയും. ( ഈ സാമ്പത്തിക വർഷം 150 പേർക്ക്)

ആരോഗ്യം - 1.56 കോടി

വിദ്യാഭ്യാസം - 1.51 കോടി

കൃഷി - 1.25 കോടി

മൃഗസംരക്ഷണം - 1.2 കോടി

ശുചിത്വം - 2.6 കോടി

പാർപ്പിടം - 12.35 കോടി

ഭവന പദ്ധതിക്ക് മുൻഗണന

സ്വന്തമായി ഭൂമിയും വീടുമില്ലാത്ത 1200 ഓളം കുടുംബങ്ങളെ പുനരധിവസിപ്പിക്കുകയാണ് ലക്ഷ്യം. സർവ്വോദയപുരത്ത് നഗരസഭയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിലായിരിക്കും ഭവനസമുച്ചയം നിർമിക്കുക. ഭൂമി വാങ്ങുന്നതിനു ഒരു കോടി രൂപ വകയിരുത്തി. പി.എം.എ.വൈ പദ്ധതിക്കായി രണ്ട് കോടി രൂപയും ഭൂമി ഒരുക്കൽ പ്രവർത്തനങ്ങൾക്കായി 25 ലക്ഷം രൂപയും വകയിരുത്തി.

* ഭവന പുനരുദ്ധാരണം - പൊതുവിഭാഗം (7.4 കോടി),

തീരദേശമത്സ്യ മേഖല (1.5കോടി),

പട്ടികജാതി (20 ലക്ഷം)

* എല്ലാ വാർഡിലും മിനി ആർ.ഒ പ്ലാന്റുകൾ

* എ.ബി.സി പ്രോഗ്രാം വാക്സിനേഷൻ - 50 ലക്ഷം

* ടൂറിസം സ്പോട്ട് സൗന്ദര്യവത്കരണം - 10 ലക്ഷം

* പൊതുശൗചാലയം - 50 ലക്ഷം

* ആധുനിക ക്രിമറ്റോറിയങ്ങൾ - 70 ലക്ഷം

* സ്കൂൾ പ്രഭാത ഭക്ഷണം - 15 ലക്ഷം

* നിലങ്ങൾ തരിശുരഹിതമാക്കുന്നതിന് - 25 ലക്ഷം

* മൾട്ടിലെവൽ വാഹന പാർക്കിംഗ് സൗകര്യം - 50 ലക്ഷം

ശാപമോക്ഷമില്ലാതെ

അറവുശാല

പ്രവർത്തനം നിലച്ചതോടെ മാലിന്യപ്രശ്നത്തിന് പ്രധാന കാരണമാകുന്ന ആധുനിക അറവുശാലയ്ക്ക് ബഡ്ജറ്റിൽ അവഗണന. കേന്ദ്രത്തിന്റെ നവീകരണത്തെ കുറിച്ച് യാതൊരു പരാമർശവുമില്ല. അറവുമാലിന്യങ്ങളുടെ പൊതുസംസ്കരണത്തെ കുറിച്ച് പഠിക്കാൻ 10 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

ബഡ്ജറ്റിൽ പൂർണ നിരാശ. കഴിഞ്ഞ ബഡ്ജറ്റിന്റെ തനിയാവർത്തനത്തിൽ പുതിയ പദ്ധതികളൊന്നുമില്ല. കൂടിയാലോചന നടത്താതെയാണ് ബഡ്ജറ്റ് തയാറാക്കിയത്.

ഇല്ലിക്കൽ കുഞ്ഞുമോൻ, പ്രതിപക്ഷ നേതാവ്