
ജില്ലാ പഞ്ചായത്തിന് 84.99 കോടിയുടെ ബഡ്ജറ്റ്
ജെൻഡർ പാർക്ക് പ്രവർത്തനസജ്ജമാക്കും
ആലപ്പുഴ: അമ്പതിനായിരം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് മുൻഗണന നൽകി 2021-22 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിന് ജില്ലാ പഞ്ചായത്ത് അംഗീകാരം നൽകി. മുൻ നീക്കിയിരിപ്പ് 2.24കോടി രൂപ ഉൾപ്പെടെ ആകെ 84,99,73,241 രൂപ വരവും 81,68,26,389 രൂപ ചെലവും 3,31,46,852 രൂപ നീക്കി ബാക്കിയുള്ള ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ദലീമാ ജോജോ അവതരിപ്പിച്ചു.
ആലപ്പുഴയെ പാലിയേറ്റീവ് കെയർ ജില്ലയാക്കുന്ന നിർദേശവും ബഡ്ജറ്റിൽ ഉൾപ്പെടുത്തി. ട്രാൻസ്ജെൻഡർമാർക്ക് സ്വയംതൊഴിൽ സഹായത്തിന് 3.30 കോടി രൂപഉൾപ്പെടുത്തി. ലൈഫ് പാർപ്പിട പദ്ധതിക്കും ജൽജീവൻ പദ്ധതിക്കും ബഡ്ജറ്റിൽ പ്രാധാന്യം നൽകി. ലൈഫ് ഭവന പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ 50 ഗുണഭോക്താക്കൾക്ക് താമസിക്കാൻ കഴിയുന്ന ഫ്ളാറ്റ് നിർമിക്കുന്നതിനായി ജില്ല പഞ്ചായത്ത് നേരിട്ട് സ്ഥലം വാങ്ങുന്നതിന് ടോക്കൺ പ്രൊവിഷനായി 10 ലക്ഷം രൂപ നീക്കി വച്ചു. സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനത്തിനായി കൗൺസിലിംഗ് സെന്റർ, ലൈബ്രറി, ഡോർമെട്രി, പോക്സോ കേസുകളിൽ ഉൾപ്പെടുന്നവർക്ക് അഭയ കേന്ദ്രം, സൗജന്യ നിയമസഹായ കേന്ദ്രം എന്നിവ ഉൾപ്പെടുന്ന ജില്ലാപഞ്ചായത്തിന്റെ ജൻഡർപാർക്ക് പ്രവർത്തന സജ്ജമാക്കും. ഇതിന് 15 ലക്ഷം മാറ്റിവച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു.
ജോബ് പോർട്ടൽ
തൊഴിൽ അന്വേഷകരേയും സേവനദാതാക്കളേയും തൊഴിൽദാതാക്കളേയും കൂട്ടിയിണക്കി അപേക്ഷിക്കുന്ന എല്ലാവർക്കും തൊഴിൽ ഉറപ്പുവരുത്താൻ സംസ്ഥാനത്ത് ആദ്യമായി ജോബ് പോർട്ടൽ രൂപീകരിക്കും. ഇതിനായി 15 ലക്ഷം രൂപ നീക്കിവച്ചു. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുമായി ചേർന്ന് 50000 പേർക്ക് പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും.
പ്രധാന നിർദ്ദേശങ്ങൾ
 നെൽകൃഷി വികസനത്തിന് 1.5 കോടി
 പൊക്കാളി കൃഷിക്ക് 40 ലക്ഷം
 ജൈവ ഗ്രാമം പദ്ധതിയ്ക്ക് 10 ലക്ഷം
 കുടുംബശ്രീ യൂണിറ്റുകൾ വഴി ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രങ്ങൾ ആരംഭിക്കാൻ - 72 ലക്ഷം,
 വനിത കലോത്സവം സംഘടിപ്പിക്കാൻ- 2 ലക്ഷം
 കാൻസർ, വൃക്ക രോഗികൾക്ക് ചികിത്സ ആനുകൂല്യം ലഭിക്കുന്നതിന് ചാരിറ്റബിൾ സൊസൈറ്റി രൂപീകരിക്കും
 വനിതാ ഗ്രൂപ്പുകൾക്ക് സ്വയംതൊഴിൽ - 13.5 ലക്ഷം
 കയർ സഹകരണ സംഘങ്ങളുമായി ചേർന്ന് കയർ ഉത്പന്നങ്ങൾ നിർമ്മിക്കാൻ -40 ലക്ഷം
 പകൽവീടുകൾക്കും വയോജന ക്ലബ്ബുകൾക്കും അടിസ്ഥാന സൗകര്യത്തിന്- 50 ലക്ഷം
 മാനസിക വെല്ലുവിളി നേരിടുന്നവർക്ക് പരിശീലനം നൽകി തൊഴിൽ സംരംഭങ്ങൾ-20 ലക്ഷം
 എച്ച്.ഐ.വി. ബാധിതർക്ക് പോഷകാഹാരത്തിനായി 50 ലക്ഷം
സമഗ്ര വിദ്യാഭ്യാസ പദ്ധതി
പ്രതിഭാതീരം പദ്ധതി -30 ലക്ഷം, സ്‌കൂളുകളിൽ ഡിജിറ്റൽ ലൈബ്രറിയും ലാബും സജ്ജീകരിക്കാൻ- 45 ലക്ഷം, പ്രത്യേക സൗകര്യം ഉറപ്പുവരുത്താൻ- 6 ലക്ഷം, സ്‌കൂളുകൾക്ക് ഫർണിച്ചറുകൾ വാങ്ങാൻ ഒരു കോടി, , ലൈബ്രറികൾക്ക് ഇ-റീഡർ വാങ്ങാൻ-10 ലക്ഷം
പട്ടികവർഗ വികസനം
ലൈഫ് ഭവന പദ്ധതിയിൽ വീട് നിർമ്മിക്കാൻ- 4 ലക്ഷം, പഠനമുറി നിർമ്മിക്കാൻ-13 ലക്ഷം, കോളനികളിൽ സാമൂഹ്യപഠന മുറികൾ നിർമ്മിക്കാൻ- 15 ലക്ഷം, ലാപ്ടോപ്പ് നൽകുന്ന പദ്ധതി-10 ലക്ഷം, മെറിട്ടോറിയസ് സ്‌കോളർഷിപ്പ്-1.81 കോടി