
ആലപ്പുഴ: കൊവിഡിനെ ഭയന്ന് ആശുപത്രിയിലെത്താൻ ഭൂരിഭാഗം പേരും മടിക്കുന്നതിനാൽ ജില്ലയിൽ രക്തദാതാക്കളുടെ എണ്ണം കുറയുന്നു. ബ്ലഡ് ബാങ്കിലടക്കം എല്ലാ ഗ്രൂപ്പിലുമുള്ള രക്തത്തിന് ക്ഷാമമായതോടെ രോഗികൾ നെട്ടോട്ടത്തിലാണ്. സന്നദ്ധ സംഘടനകൾ വഴിയും സമൂഹമാദ്ധ്യമങ്ങളിലെ ഗ്രൂപ്പുകളിൽ നിന്നുമാണ് പലരും പ്രധാനമായും രക്തം തേടിയിരുന്നത്. മുമ്പ് ആവശ്യക്കാരുടെ അടുത്തേക്ക് നിമിഷങ്ങൾക്കകം ദാതാക്കൾ ഓടിയെത്തുമായിരുന്നു. എന്നാലിപ്പോൾ സമൂഹ മാദ്ധ്യമങ്ങളിലെ പോസ്റ്റുകൾ കണ്ട് എത്തുന്നവരുടെ എണ്ണവും കുറഞ്ഞു. ആശുപത്രിയിൽ ശസ്ത്രക്രിയകൾക്ക് വിധേയരാകുന്നവരാണ് പ്രധാനമായും രക്തത്തിന് ബുദ്ധിമുട്ടുന്നത്. മുൻപ് കോളേജ് വിദ്യാർത്ഥികളാണ് പ്രധാനമായും രക്തം നൽകിയിരുന്നത്. ഇപ്പോൾ ഭാഗികമായി തുറന്നെങ്കിലും എൻ.എസ്.എസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സജീവമല്ല.
ദാതാക്കൾ കുറഞ്ഞു
സോഷ്യൽ മീഡിയയിലൂടെ സജീവമായ ജില്ലയിലെ രക്തദാതാക്കളുടെ ഗ്രൂപ്പിൽ ആയിരക്കണക്കിന് അംഗങ്ങളുണ്ടെങ്കിലും പതിവായി ദാനം ചെയ്യുന്നവർ കുറവാണ്. മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കൂടുതലായി നടക്കുന്ന ദിവസങ്ങളിലാണ് രക്ത ക്ഷാമം കൂടുതലാകുന്നത്.
രക്തദാനത്തിന്റെ ഗുണങ്ങൾ
രക്ത ദാനത്തിനൊപ്പം രോഗനിർണയവും നടക്കുന്നു
പതിവായി ദാനം ചെയ്യുന്നത് കൊളസ്ട്രോൾ കുറയ്ക്കും
ഇരുമ്പിന്റെ അംശം അടിഞ്ഞു കൂടുന്നത് ഒഴിവാക്കാനാകും
''കൊവിഡ് വന്നതോടെ രക്തം ദാനം ചെയ്യാൻ എത്തുന്നവരുടെ എണ്ണം വളരെ കുറഞ്ഞു. മുമ്പ് നെഗറ്റീവ് ഗ്രൂപ്പുകൾക്കായിരുന്നു ക്ഷാമമെങ്കിൽ, ഇപ്പോൾ എല്ലാ ഗ്രൂപ്പിനും നെട്ടോട്ടമാണ്. ഏറെ കഷ്ടപ്പെട്ടാണ് ദാതാക്കളെ അടിയന്തിര ഘട്ടങ്ങളിൽ കണ്ടെത്തുന്നത്
- വിവേക് ബാബു, ജില്ലാ രക്തദാനസമിതി കൺവീനർ