s

കുട്ടനാട് എഫ്.എം. 90.0 ശബ്ദിച്ചു തുടങ്ങി

ആലപ്പുഴ : രാജ്യത്ത് സർക്കാർ ഉടമസ്ഥതയിൽ കർഷകർക്കുവേണ്ടി ആരംഭിച്ച ആദ്യ കമ്മ്യൂണിറ്റി റേഡിയോ 'കുട്ടനാട് എഫ്.എം. 90.0' ആലപ്പുഴയിൽനിന്ന് പ്രക്ഷേപണം ആരംഭിച്ചു. മന്ത്രി വി.എസ്.സുനിൽകുമാർ ശ്രോതാക്കളോട് സംസാരിച്ചു ഉദ്ഘാടനം നിർവഹിച്ചു. റേഡിയോയുടെ പ്രവർത്തന രീതികളെക്കുറിച്ചുള്ള ആദ്യ പരിപാടിയിൽ മന്ത്രിയും കൃഷി വകുപ്പ് ഡയറക്ടർ ഡോ. കെ. വാസുകിയും അവതാരകരായി.

കണ്ണേ കലൈമാനേ... എന്ന പാട്ട് പാടി ഡോ. കെ. വാസുകി ശ്രോതാക്കളുടെ മനം കവർന്നു. ആലപ്പുഴ കളർകോടാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് പരിപാടികൾ ലഭ്യമാകും. കർഷകർക്കുള്ള അറിയിപ്പുകൾ, കൃഷി-മൃഗസംരക്ഷണം-ക്ഷീരവികസന അറിവുകൾ, നാടൻപാട്ടുകൾ, കൃഷി വിശേഷങ്ങൾ തുടങ്ങി വിവിധങ്ങളും വ്യത്യസ്തവുമായ പരിപാടികൾ ശ്രോതാക്കളിലെത്തും. 50 വാട്ട്സ് ആണ് പ്രസരണ ശേഷി. തുടക്കത്തിൽ രാവിലെ ഏഴു മുതൽ ഒമ്പതു വരെ രണ്ടുമണിക്കൂറാണ് പ്രക്ഷേപണം. വൈകാതെ പ്രക്ഷേപണ സമയം ദീർഘിപ്പിക്കും. സംഗീത സംവിധായകൻ വിദ്യാധരൻ ചിട്ടപ്പെടുത്തിയ ശീർഷക ഗാനത്തോടെയാണ് എല്ലാ ദിവസവും പരിപാടികൾ ആരംഭിക്കുക. ലൈവ് സ്റ്റുഡിയോയുടെയും റെക്കോഡിംഗ് സ്റ്റുഡിയോയുടെയും ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.